മൊഗാദിഷുവ്: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലെ അൽ-ഷബാബ് ബീച്ചിൽ നടന്ന ചാവേറാക്രമണത്തിലും വെടിവെയ്പിലും 32 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് തീവ്രവാദി വിഭാഗമായ അൽ-ഷബാബ് എറ്റെടുത്തു. ബീച്ച് വ്യൂ ഹോട്ടലിന്റെ കവാടത്തിൽ ചാവേർ സ്‌ഫോടനം നടത്തിയതോടെയാണ് ആക്രമണം ആരംഭിച്ചത്. തുടർന്ന് മറ്റ് നിരവധി അക്രമികൾ ഹോട്ടലിലേക്ക് ഇരച്ചുകയറുകയും ബീച്ചിൽ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ 32-ലധികം ആളുകൾ മരിച്ചെന്നും, 63 ഓളം പേർക്ക് പരിക്കേറ്റെന്നും അവരിൽ ചിലർ ഗുരുതരാവസ്ഥയിലാണെന്നും പോലീസ് വക്താവ് അബ്ദിഫത അദാൻ ഹസ്സൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംഭവസ്ഥലത്ത് വെച്ച് എല്ലാ അക്രമികളെയും സുരക്ഷാ സേന വധിച്ചതായും സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ ഓടിച്ചിരുന്ന മറ്റൊരാളെ പിടികൂടിയതായും അദ്ദേഹം പറഞ്ഞു. ഒരു സൈനികൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു, അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മുൻ പ്രധാനമന്ത്രി ഹസൻ അലി ഖൈർ അനുശോചനം അറിയിക്കുന്നതായി എക്സിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |