വാഷിംഗ്ടൺ: യു.എസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും വൈസ് പ്രഡിന്റുമായ കമലാ ഹാരിസുമായി സംവാദത്തിന് തയാറാണെന്ന് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. സെപ്റ്റംബർ നാലിനായിരിക്കും സംവാദം. ഇരുവരും തമ്മിലുള്ള ആദ്യ സംവാദമാണിത്.
സംവാദം പെൻസിൽവാനിയയിൽ നടക്കുമെന്ന് ട്രംപ് സമൂഹ മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ജൂണിൽ നടത്തിയ സംവാദത്തിൽ നിന്ന് വ്യത്യസ്തമായി പ്രേക്ഷകരുടെ മുമ്പിലായിരിക്കും സംവാദമെന്നും കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥികൾ തമ്മിൽ നടക്കേണ്ട രണ്ടാമത്തേതും അവസാനത്തേതുമായ സംവാദം സെപ്റ്റംബർ പത്തിനാണ് നിശ്ചയിച്ചിരുന്നത്. കമലയുമായി ഒരു സംവാദത്തിന് തയാറല്ലെന്ന് ട്രംപ് അറിയിച്ചിരുന്നു. നിലവിൽ കമലയ്ക്ക് ഡെലിഗേറ്റ് വോട്ടുകൾ ലഭിച്ചതിനെ തുടർന്നാണ് തീരുമാനം മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ. സംവാദത്തിന് തയാറാണെന്ന് കമലയും അറിയിച്ചിട്ടുണ്ട്. ബ്രെത് ബെയറും മാർത്ത മാക്കെല്ലുമായിരിക്കും സംവാദം മേഡറേറ്റ് ചെയ്യുക.
മുൻ സ്ഥാനാർത്ഥി പ്രസിഡന്റ് ജോ ബൈഡനുമായായിരുന്നു രണ്ട് സംവാദങ്ങൾ മുൻപ് തീരുമാനിച്ചിരുന്നത്. എന്നാൽ ജൂണിൽ നടന്ന ആദ്യ സംവാദത്തിൽ മോശം പ്രകടനം കാഴ്ച വച്ചതോടെ ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറണമെന്ന സമ്മർദ്ദം ശക്തമായി. തുടർന്ന് ബൈഡൻ പിന്മാറുകയും വൈസ് പ്രസിഡന്റ് കമല ഹാരിസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു.
ഔദ്യോഗിക സ്ഥാനാർത്ഥി
അഭിമാനമെന്ന് കമല
കഴിഞ്ഞ ദിവസം കമലാ ഹാരിസിനെ ഡെമോക്രാറ്റിക് പാർട്ടി ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖാപിച്ചതിനു പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് കമല രംഗത്തെത്തി. യു.എസ് പ്രസിഡന്റ് സ്ഥാത്തേക്കുള്ള ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായതിൽ താൻ അഭിമാനിക്കുന്നുവെന്ന് കമല പ്രതികരിച്ചു.
വെർച്വൽ വോട്ടിംഗിൽ മതിയായ വോട്ട് നേടിയെന്നും കമലയുടെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി സ്ഥിരീകരിച്ചെന്നും ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി ചെയർമാൻ ജാമി ഹാരിസണാണ് അറിയിച്ചത്. അടുത്ത ആഴ്ച സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി സ്വീകരിക്കുമെന്ന് കമല വ്യക്തമാക്കി. ചൊവ്വാഴ്ചയോടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ കമല പ്രഖ്യാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |