തളിപ്പറമ്പ്: അഞ്ചര ലക്ഷത്തിലധികം രൂപയുടെ വെള്ളക്കരം ചുമത്തിയ ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ ബിൽ റദാക്കിയ ഉപഭോക്തൃ കോടതി പരാതിക്കാരന് 15,000 രൂപ നഷ്ട പരിഹാരം നൽകാൻ ഉത്തരവിട്ടു. മെയിൻ റോഡിലെ സീലാന്റ് ടൂറിസ്റ്റ് ഹോമിന്റെ മാനേജിംഗ് പാർട്ണറായ മുഹമ്മദ് ഷെഫീഖ് നടത്തിയ ഹർജിയിലാണ് കണ്ണൂർ ഉപഭോക്തൃ തർക്കപരിഹാര കോടതി ഉത്തരവ്. ജല അതോറിറ്റിയുടെ തളിപ്പറമ്പ് വാട്ടർ സപ്ലൈ ഡിവിഷൻ എക്സി. എൻജിനീയർ, അസി. എക്സിക്യൂട്ടീവ് എ ൻജിനീയർ, അസി. എൻജിനീയർ എന്നിവരെ എതൃകക്ഷികളാക്കിയാണ് മുഹമ്മദ് ഷെഫീഖ് ഹരജി നൽകിയിരുന്നത്.
കൊവിഡ് കാലത്തുൾപ്പെടെ രണ്ട് കൺസ്യൂമർ നമ്പറുകളിലായുള്ള വാട്ടർ കണക്ഷനുകൾ ഷെഫീഖ് ഉപയോഗിച്ചിരുന്നു. 189039, 71297 എന്നിങ്ങനെ രൂപയ്ക്കുള്ള ബില്ലാണ് ഈ കണക്ഷനുകൾക്ക് നൽകിയിരുന്നത്. ഇതിന്റെ ബിൽ കുടിശികയും പലിശയുമുൾപ്പെടെ 5,67,850 രൂപയുടെ അധിക ബില്ലാണ് അവസാനം വാട്ടർ അതോറിറ്റി നൽകിയത്. ഇതിനെതിരേയായിരുന്നു കോടതിയെ സമീപിച്ചത്. 10,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും ഉൾപ്പെടെ 15,000 രൂപ പരാതി ക്കാരന് നൽകണമെന്നും ബില്ല് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ പറയുന്നു. പരാതിക്കാരന് വേണ്ടി അഡ്വ. ജദേവൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |