കൽപ്പറ്റ: 'നിങ്ങൾക്കോ പഠിക്കാൻ പറ്റിയില്ല. നിങ്ങളുടെ മക്കളെങ്കിലും പഠിക്കട്ടെ' പത്തനംതിട്ടയിൽ നിന്നെത്തിയ വിൽസൺ മാഷുടെ ആ വാക്കുകളാണ് ചൂരമൽമലയിലെ തേയിലത്തൊഴിലാളികളായ രക്ഷിതാക്കളുടെ കണ്ണുതുറപ്പിച്ചത്. കൂലിയുടെ ഒരു വിഹിതം തൊഴിലാളികൾ മാറ്റിവച്ചു. പഞ്ചായത്ത് സഹായിച്ചു. വെള്ളാർമല യു.പി സ്‌കൂൾ ഹൈസ്‌കൂളായതും തുടർന്ന് വൊക്കേഷണൽ ഹയർസെക്കൻഡറി ആയതും അങ്ങനെയാണ്. കളിചിരികളില്ലാത്ത ആ സ്‌കൂൾ അങ്കണത്തിലേക്ക് ഇന്നലെ വീണ്ടും കടന്നുവന്നപ്പോൾ മാഷിന്റെ ഉള്ളുലഞ്ഞു, വിങ്ങിക്കരഞ്ഞു. ഇനിയില്ല വെള്ളാർമല സ്‌കൂൾ എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാനായില്ല.
തന്റെ പ്രിയപ്പെട്ട ശിഷ്യരായിരുന്ന പലരെയും മലവെള്ളം തട്ടിയെടുത്തു. ചില പേരുകൾ പറയുമ്പോൾ മാഷിന്റെ വാക്കുകൾ ഇടറി. 1981ൽ എട്ടാം ക്ലാസ് ആരംഭിച്ച് സ്‌കൂളിനെ ഹൈസ്‌കൂളാക്കുന്ന ഘട്ടത്തിൽ പ്രഥമാദ്ധ്യാപകൻ എന്ന നിലയിൽ എല്ലാ ചുമതലകളും വഹിച്ചത് വിൽസൺ മാഷായിരുന്നു. 1979ലാണ് പത്തനംതിട്ട കുമ്പഴയിൽ നിന്ന് മാഷ് ചൂരൽമല ഗവ. യു.പി സ്‌കൂളിലെത്തിയത്. 2000ൽ വിരമിച്ചു. കരളുരുകുന്ന വേദനയോടെ തകർന്നു കിടക്കുന്ന സ്‌കൂൾ നോക്കി മാഷ് ഏറെനേരം നിന്നു. ഔദ്യോഗിക കാലത്തെ ഓരോ സംഭവങ്ങളിലൂടെയും മനസ് കടന്നുപോയി.
കുതിച്ചൊഴുകിയെത്തിയ മലവെള്ളത്തെ അല്പമെങ്കിലും തടഞ്ഞ് ഒരു പാടുപേരെ രക്ഷിച്ചു നിറുത്തിയത് ഈ സ്‌കൂൾ കെട്ടിടമാണ്. സ്‌കൂളില്ലായിരുന്നെങ്കിൽ ഒരുപക്ഷേ, ചൂരൽമല എന്ന നാടുതന്നെ അപ്രത്യക്ഷമായേനെ. ഈ നാടുമായുള്ള ആത്മബന്ധമാണ് വയനാട്ടിലെ സ്ഥിരതാമസക്കാരാനാകാൻ മാഷെ പ്രേരിപ്പിച്ചത്. സ്‌കൂളിലെ 33 കുട്ടികളെയാണ് മലവെള്ളം കാണാമറയത്തേക്ക് കൊണ്ടുപോയത്.
തുടക്കം ഏകാദ്ധ്യാപക വിദ്യാലയമായി
1955 ജൂലായ് ഒന്നിന് ഏകാദ്ധ്യാപക വിദ്യാലയമായി അട്ടമലയിൽ എസ്റ്റേറ്റ് വക കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. 1974 സെപ്തംബറിൽ അപ്പർ പ്രൈമറി സ്‌കൂളായി ഉയർത്തപ്പെട്ടു. ചൂരൽമലയിലെ പരേതനായ പി.കെ. ഹുസൈൻഹാജി സൗജന്യമായി നൽകിയ സ്ഥലത്ത് തോട്ടം തൊഴിലാളികളുടെ ശ്രമഫലമായി ഒരു സ്ഥിരം കെട്ടിടം പടുത്തുയർത്തി. 5 മുതലുളള ക്ലാസുകൾ ആരംഭിച്ചു. 1976ൽ ഒരു പൂർണ യു.പി സ്‌കൂളായി മാറി. 1983ൽ ഹൈസ്‌കൂളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |