പാലക്കാട്: ഭക്ഷണം പാകംചെയ്യുമ്പോൾ ഉപയോഗിക്കുന്ന വസ്തുക്കളുടെ കാര്യത്തിൽ ശ്രദ്ധവേണം, ഭക്ഷ്യവസ്തുക്കളിൽ മായം ചേർത്തുവിൽപന നടത്തുന്ന പ്രവണത സംസ്ഥാനത്ത് ഏറുന്നു. 2023 ഏപ്രിൽ മുതൽ കഴിഞ്ഞ മാസം വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് വിവിധ കോടതികളിലായി 988 കേസുകളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതൽ കേസുകളുള്ളത് കോഴിക്കോടാണ്, 230. കുറവ് ഇടുക്കിയിലും, 12 കേസുകളാണ് ഇവിടെയുള്ളത്. പാലക്കാട് ഈ പട്ടികയിൽ ഏഴാംസ്ഥാനത്താണ്. രണ്ടുവർഷം മുമ്പ് പാലക്കാട് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 225 ആയിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിരന്തര ഇടപെടലും പരിശോധനയുമാണ് ജില്ലയിൽ കേസുകളുടെ എണ്ണം കുറയാണ് കാരണം.
2023 -24 സാമ്പത്തിക വർഷത്തിൽ ധാന്യങ്ങളുടെ 1727 സാമ്പിളും അല്ലാത്ത സാമ്പിൾ 4440 ഉം ശേഖരിച്ച് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ അനലിറ്റിക്കൽ ലാബുകളിൽ പരിശോധിക്കുകയായിരുന്നു. ഇതിൽ 74 സാമ്പിളുകളുടേത് 'സുരക്ഷിതമല്ല' (അൺസേഫ്) എന്ന ഫലമാണ് ലഭിച്ചത്. ഭക്ഷ്യസാമ്പിൾ അൺസേഫ് ആയാൽ അത് നിർമ്മിച്ചവർ, വിൽപന നടത്തുന്നവർ, വിതരണക്കാർ എന്നിവർക്കെതിരെ നടപടി സ്വീകരിക്കും. എട്ട് സാമ്പിളുകളുടെ പരിശോധനഫലം 'നിലവാരമില്ലാത്തത്' (സബ് സ്റ്റാൻഡേഡ്) എന്നാണു കിട്ടിയത്. 15 എണ്ണം മിസ്ബ്രാൻഡഡ് എന്നും കിട്ടി. ഇതിൽ 14 പ്രോസിക്യൂഷൻ കേസും രജിസ്റ്റർ ചെയ്തു.
കറി പൗഡറുകളിലും മായം
കറിവെക്കാൻ ഉപയോഗിക്കുന്ന മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചായപ്പൊടി തുടങ്ങിയവയിൽ ഉൾപ്പെടെ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. വെളിച്ചെണ്ണ, വൻപയർ, പട്ടാണി, പാൽ തുടങ്ങിയവയിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുള്ളതായും പരിശോധനാ ഫലങ്ങൾ വ്യക്തമാക്കുന്നു. എത്തിയോൺ, ബൈഫെന്ത്രിൻ, ക്ലോപെരിഫോസ്, ക്വിനോൻഫോസ് തുടങ്ങിയ കീടനാശിനികളാണ് അടങ്ങിയിരിക്കുന്നത്. ഇത് കാൻസറിനും കിഡ്നി സംബന്ധമായ രോഗങ്ങൾക്കും കാരണമാകും.
കേസുകളുടെ ജില്ല തിരിച്ച കണക്ക്
തിരുവനന്തപുരം -75
കൊല്ലം - 97
പത്തനംതിട്ട - 23
ആലപ്പുഴ - 51
കോട്ടയം -87
ഇടുക്കി - 12
എറണാകുളം - 115
തൃശൂർ - 86
പാലക്കാട് - 61
മലപ്പുറം -52
കോഴിക്കോട് - 230
വയനാട് - 23
കണ്ണൂർ -37
കാസർകോട് - 39
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |