മേപ്പാടി: മേപ്പാടിക്കടുത്ത മുണ്ടക്കെെയിലും പുത്തുമലയിലും വർഷങ്ങൾക്ക് മുമ്പ് നടന്ന ഉരുൾ പൊട്ടലുകളിൽ കണ്ടെത്താനാവാതെ നിരവധി പേർ ഇപ്പോഴും മണ്ണിനടിയിലാണ്. അന്ന് കണ്ടെത്താൻ കഴിയാത്തവർ മരണപ്പെട്ടവർ എന്ന പട്ടികയിലാണ് ഇടം നേടിയിരിക്കുന്നത്. ആ മണ്ണിൽ എങ്ങോ പൂണ്ട് കിടക്കുന്ന പ്രിയപ്പെട്ടവർക്കൊപ്പം ഇതാ കഴിഞ്ഞ ദിവസം നടന്ന ഉരുപൊട്ടലിൽ കാണാതായ നൂറിലേറെ പേർ കൂടി. പ്രകൃതി മനോഹരമായ ഈ ഭൂമിയിൽ ഇപ്പോൾ നിരവധി പേർ അന്ത്യവിശ്രമം കൊള്ളുന്നു. ജനിച്ചുവളർന്ന മണ്ണിൽ തന്നെ ഇവർക്കും അന്ത്യനിദ്ര. പ്രകൃതിസംഹാര താണ്ഡവമാടിയ ഇടത്തിൽ ഇപ്പോൾ മനുഷ്യന്റെ മണം.
1984ൽ മുണ്ടക്കൈയിൽ ഒരു വലിയ ഉരുൾപൊട്ടൽ നടന്നു. പതിനഞ്ചോളം പേർ അന്ന് മരിച്ചു. അതിലേറെയും ആദിവാസികളായിരുന്നു. എത്ര പേർ മരണപ്പെട്ടുവെന്ന വ്യക്തമായ കണക്ക് അധികൃതരുടെ പക്കലില്ല. പതിനഞ്ച് പേരുടെ വിവരം മാത്രമാണ് കിട്ടിയത്. ഇന്നത്തെപ്പോലെ സംവിധാനങ്ങളൊന്നും ഇല്ലാതിരുന്ന കാലമായത് കൊണ്ട് ഉരുളിൽപ്പെട്ടവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പലരും ഈ മണ്ണിൽ തന്നെ അന്ത്യനിദ്രയിലമർന്നു. മകനെ തേടി അലഞ്ഞ ഒരു അമ്മയ്ക്ക് അന്ന് ലഭിച്ചത് അവന്റെ കാലാണ്. അത്രയ്ക്കും ഭീകരമായിരുന്നു അന്നത്തെ അവസ്ഥ. അതിന് ശേഷം 2019 ആഗസ്റ്റ് എട്ടിന് വൈകിട്ട് നാല് മണിക്ക് പുത്തുമലയിൽ ഒരു ഉരുൾപൊട്ടൽകൂടി ഉണ്ടായി. അന്ന് പതിനേഴ് പേരാണ് മരണപ്പെട്ടത്. പന്ത്രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.അങ്ങ് ചാലിയാറിൽ പോലും മൃതദേഹങ്ങൾ പൊന്തി. പക്ഷെ അഞ്ചുപേരെ കണ്ടെത്താൻ കഴിഞ്ഞില്ല. ഉരുൾ തളളിയെടുത്ത് കൊണ്ടുവന്ന പാറക്കെട്ടുകളും മരങ്ങളും ചെളിയുമായൊക്കെ മാറ്റി പ്രിയപ്പെട്ടവർക്കായി ദിവസങ്ങളോളം തിരച്ചിൽ നടത്തി. നിരാശയായിരുന്നു ഫലം. അന്ന് കാണാതായവർ എന്നെങ്കിലും തിരിച്ചുവരുമെന്ന് കരുതി .പലരും വഴിക്കണ്ണുമായി നിന്നു. പക്ഷെ ആരും തിരിച്ചുവന്നില്ല.
പ്രിയപ്പെട്ടവർക്കായി കരഞ്ഞുകലങ്ങിയ കണ്ണുമായി വേദന കടിച്ചമർത്തി കഴിയുമ്പോൾ ഇതാ രാജ്യത്തെ നടുക്കിയ മൂന്നാമത്തെ ദുരന്തം. പുത്തുമല ദുരന്തവാർഷികത്തിന്റെ പത്ത് ദിവസം മുമ്പാണ് മുണ്ടക്കൈയിലും ചൂരൽമലയിലും മഹാദുരന്തം ഉണ്ടായിരിക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ. മുന്നൂറിലേറെപ്പേരാണ് മരണപ്പെട്ടത്. ഏതാണ്ട് അത്രയും പേരെ കാണാതാവുകയും ചെയ്തു. അവർക്ക് വേണ്ടിയുളള തെരച്ചിൽ പട്ടാളത്തിന്റെ നേതൃത്വത്തിൽ ദൗത്യ സംഘം നടത്തിക്കൊണ്ടിരിക്കുന്നു. കുറച്ചുനാൾകൂടി ഇവർക്കായി തെരച്ചിൽ നടത്തും. പിന്നെ ഇവരും മരണത്തിന്റെ ലിസ്റ്റിലേക്ക്. ജനിച്ച് വളർന്ന മണ്ണിൽ ഇനി ഇവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |