കോട്ടയം: കേന്ദ്ര സർക്കാർ പുതുതായി ഇറക്കിയ കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തിൽ കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, മേലുകാവ്, പൂഞ്ഞാർതെക്കേക്കര, തീക്കോയി വില്ലേജുകളും. ഇതോടെ ഉരുൾപൊട്ടൽ സാദ്ധ്യത മുൻനിറുത്തി ഇവിടെ നിയന്ത്രണം കടുപ്പിക്കേണ്ടിവരും. പരിസ്ഥിതിലോല പ്രദേശത്ത് ഖനനം, ക്വാറി മണൽ ഖനനം എന്നിവ പൂർണമായും ഇല്ലാതാകും. നിലവിലുള്ള ക്വാറികളുടെ ലൈസൻസ് തീരുന്നതോടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടിവരും. വീടുകളുടെ നിർമാണം തടസപ്പെടും, ഭൂമിയുടെ വില കുറയും, വില്പന ഇല്ലാതാകും തുടങ്ങിയ പ്രശ്നങ്ങൾക്ക് സാദ്ധ്യതയുള്ളതിനാൽ ജനങ്ങളുടെ പ്രതിഷേധം ശക്തമായേക്കും.
ഉരുൾപൊട്ടൽ സാദ്ധ്യതയെറെയുള്ള ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ ചെറുതും വലുതുമായ നൂറോളം പാറമടകളുണ്ട്.
ശുപാർശ നൽകി, പക്ഷേ നടപടിയില്ല
പ്രളയകാലത്ത് ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ പാറമടകൾക്കെതിരെ ജനകീയപ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ പ്രതിഷേധം ഫലംകാമാതെ വന്നതോടെ പരിസരവാസികളിൽ പലരും സ്ഥലം വിറ്റുപോയി. പാറമടകളുടെ പ്രവർത്തന നിരോധനത്തിന് വൈദ്യുതി ബോർഡ് ശുപാർശ നൽകിയിട്ടും നടപടിയുണ്ടായില്ല. ഇടുക്കി ഡാമിന്റെ സമ്മർദ്ദം ഉണ്ടാകുന്ന സ്ഥലമാണ് ഈരാറ്റുപേട്ട മുതൽ വാഗമൺ വരെ. ഗാഡ്ഗിൽ,കസ്തൂരിരംഗൻ റിപ്പോർട്ടിൽ ഖനന നിരോധന മേഖലകളായി ചൂണ്ടിക്കാട്ടിയ വാഗമൺ മൊട്ടക്കുന്നുകളുടെ ഭാഗത്തും നിരവധി പാറമടകളുണ്ട്.
എതിർപ്പ് ശക്തം
അതീവ പരിസ്ഥിതിലോല പ്രദേശമായ കൂട്ടിക്കൽ,ഇളങ്കാട് ,കൊടുങ്ങ,വല്യേന്ത എന്നിവിടങ്ങളിലെ പാറമടകൾക്കെതിരെ പരിസ്ഥിതി സംഘടനകളുടെ എതിർപ്പ് ശക്തമാണ്. എന്നാൽ ഹൈക്കോടതി വിധി പാറമടലോബിക്ക് അനുകൂലമായതോടെ പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകുകയായിരുന്നു.
മീനച്ചിലാറിന്റെ ഉത്ഭവ സ്ഥാനമായ വാഗമൺ മലനിരകൾ അതീവ ജൈവ വൈവിദ്ധ്യ പ്രദേശമായി സംരക്ഷിക്കണമെന്ന് ജൈവവൈവിദ്ധ്യ ബോർഡ് ഉത്തരവിറക്കിയിരുന്നു.
പാറമടകൾ ഇവിടെ
തീക്കോയി, കൂട്ടിക്കൽ,പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തിടനാട് പഞ്ചായത്തുകളിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |