ഷൂട്ടോഫിൽ മനു ഭാക്കറിന്റെ മൂന്നാം മെഡൽ സ്വപ്നം പൊലിഞ്ഞു
പാരീസ്: ഒളിമ്പിക്സിൽ മൂന്നാം മെഡൽ സ്വപ്നം കണ്ടിറങ്ങിയ ഇന്ത്യൻ വനിതാ ഷൂട്ടർ മനു ഭാക്കറിന് നേരിയ വ്യത്യാസത്തിൽ നാലാം സ്ഥാനത്താകേണ്ടിവന്നു. ഇന്നലെ ഷാറ്ററൂ ഷൂട്ടിംഗ് റേഞ്ചിൽ 25 മീറ്റർ പിസ്റ്റൽ ഇനത്തിലെ ഫൈനലിൽ മൂന്നാം സ്ഥാനത്തിനുള്ള എലിമിനേഷനിൽ ഹംഗറിയുടെ വെറോണിക്ക മയോറുമായി തുല്യ സ്കോറിൽ വന്നപ്പോൾ നടത്തിയ ഷൂട്ടോഫിലാണ് മനു നാലാമതായത്. നേരത്തേ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിലും മിക്സഡ് ഡബിൾസിലും മനു വെങ്കലം നേടിയിരുന്നു.
യോഗ്യതാ റൗണ്ടിലെ രണ്ടാം സ്ഥാനക്കാരിയായി ഹാട്രിക് ഫൈനലിനിറങ്ങിയ മനു തുടക്കത്തിൽ മികച്ച പ്രകടനവുമായി മുന്നിലായിരുന്നെങ്കിലും പിന്നീട് പിറകിലായി. അഞ്ച് ഷോട്ടുകൾ വീതമുള്ള ആദ്യ മൂന്ന് സിരീസുകൾ പിന്നിട്ടപ്പോൾ ഫൈനലിലെ എട്ടുപേരിൽ നിന്ന് എലിമിനേഷൻ ആരംഭിച്ചിരുന്നു. പിന്നീട് ഓരോ സിരീസുകൾ വീതം പിന്നിട്ടപ്പോൾ പോയിന്റ് നിലയിലെ അവസാനക്കാർ പുറത്തായിക്കൊണ്ടിരുന്നു. ഏഴ് സിരീസുകൾ പിന്നിട്ടപ്പോൾ 28 പോയിന്റു വീതം നേടി മനുവും ഈയിനത്തിലെ റെക്കാഡുകാരി വെറോണിക്ക മയോറും നാലാം സ്ഥാനത്ത് ടൈ ആയി. ഇതോടെ ഇരുവർക്കുമായി അഞ്ചുഷോട്ടുകൾ വീതമുള്ള ഷൂട്ടോഫ് നടത്തി. ഇതിൽ മനുവിന് രണ്ട് ബുള്ളറ്റുകൾ മാത്രമേ ലക്ഷ്യത്തിൽ കൊള്ളിക്കാൻ കഴിഞ്ഞുള്ളൂ. വെറോണിക്ക മനുവിനെ മറികടന്ന് മൂന്നാമതാവുകയും ചെയ്തു. അടുത്ത എലിമിനേഷനിൽ വെറോണിക്കയും പുറത്തായി. സ്വർണവും വെള്ളിയും നിശ്ചയിക്കാൻ കൊറിയയുടെ ജീൻ യാംഗും ഫ്രാൻസിന്റെ കാമിലെ ജെഡ്‌സെജ്യുസ്കിയും തമ്മിലും ഷൂട്ടോഫ് വേണ്ടിവന്നു. ഇരുവർക്കും 37 പോയിന്റ് വീതമുണ്ടായതിനാൽ നടത്തിയ ഷൂട്ടോഫിൽ ജെഡ്‌സെജ്യുസ്കി ഒരു ബുള്ളറ്റ് മാത്രം ലക്ഷ്യത്തിൽ തറച്ചപ്പോൾ ജീൻ നാലു ബുള്ളറ്റുകളും ഉന്നത്തിൽ കൊള്ളിച്ച് സ്വർണത്തിന് അവകാശിയായി.
ഇതോടെ മനുവിന്റെ ഒളിമ്പിക്സിലെ മത്സരങ്ങൾ പൂർത്തിയായി. പാരീസിൽ പങ്കെടുത്ത മൂന്നിനങ്ങളിൽ രണ്ടിലും മെഡൽ നേടാൻ മനുവിനായി. ഒളിമ്പിക് ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത താരം , ഒരു ഒളിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം എന്നീ റെക്കാഡുകളുമായാണ് പാരീസിൽ നിന്ന് മനു ഭാക്കർ മടങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |