പാരീസ് : ഒളിമ്പിക്സ് അത്‌ലറ്റിക്സിലെ പുരുഷ വിഭാഗം 10000 മീറ്ററിൽ ഒളിമ്പിക് റെക്കാഡ് കുറിച്ച് ഉഗാണ്ടൻ താരം ജോഷ്വ ചെപ്തഗേ. 26 മിനിട്ട് 43.14 സെക്കൻഡിൽ ഓടിയെത്തിയ ജോഷ്വ 2008 ബെയ്ജിംഗ് ഒളിമ്പിക്സിൽ എത്യോപ്യൻ താരം കെനെനിസ ബെകെലെ സ്ഥാപിച്ച 27 മിനിട്ട് 01.17 സെക്കൻഡിന്റെ ഒളിമ്പിക് റെക്കാഡാണ് തകർത്തത്. ഈയിനത്തിലെ നിലവിലെ ലോക റെക്കാഡുകാരനും ജോഷ്വ തന്നെ.
മത്സരത്തിന്റെ അന്തിമഘട്ടംവരെ എത്യോപ്യൻ താരങ്ങളെ മുന്നേറാൻ അനുവദിച്ച ജോഷ്വ അവസാന 400 മീറ്ററിലാണ് റേസിന്റെ ഭാവം മാറ്റി ലീഡിലേക്ക് വന്നത്. അവസാന ലാപ്പിൽ അടിച്ചുകസറിയ ഉഗാണ്ടൻ താരം മുന്നിലുണ്ടായിരുന്നവരെ ഓരോരുത്തരെയായി മറികടന്ന് സ്വർണത്തിലേക്ക് ഫിനിഷ് ചെയ്തു. എത്യോപ്യയുടെ ബെരിഹു അരിഗാവിക്കാണ് വെള്ളി. മൂന്നാമതെത്തിയ ഗ്രാന്റ് ഫിഷർ 2012ന് ശേഷം ഈയിനത്തിൽ മെഡൽ നേടുന്ന ആദ്യ അമേരിക്കൻ താരമായി വെങ്കലമണിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |