ലക്ഷ്യ സെന്നിന് ക്വാർട്ടർ ഫൈനലിൽ എതിരാളി വിക്ടർ അക്സൽസൻ
ലവ്‌ലിന ബോക്സിംഗ് ക്വാർട്ടറിൽ എതിരാളി ലി ക്വിയാൻ
പാരീസ് : ഇന്ന് ബാഡ്മിന്റൺ സെമി ഫൈനലിന് ഇറങ്ങുന്ന ഇന്ത്യൻ പുരുഷ താരം ലക്ഷ്യ സെന്നിനും ബോക്സിംഗിൽ ക്വാർട്ടർ ഫൈനലിന് ഇറങ്ങുന്ന വനിതാ താരം ലവ്‌ലിന ബോർഗോഹെയ്‌നിനും ജയിച്ചാൽ മെഡലുറപ്പാകും. എന്നാൽ അതിലേക്കുള്ള വെല്ലുവിളി വലുതാണ്. റാങ്കിലും ഫോമിലും തങ്ങളേക്കാൾ മുന്നിലുള്ള താരങ്ങളെയാണ് ഇരുവരും നേരിടേണ്ടത്.
ബാഡ്മിന്റണിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമായി ചരിത്രം കുറിച്ച ലക്ഷ്യ അവസാന രണ്ടിൽ ഒരാളാകാൻ നേരിടേണ്ടത് ലോക രണ്ടാം നമ്പർ താരവും നിലവിലെ ഒളിമ്പിക് ചാമ്പ്യനുമായ ഡെന്മാർക്കുകാരൻ വിക്ടർ അക്സൽസനെയാണ്. 2016 റിയോ ഒളിമ്പിക്സിലെ വെങ്കല ജേതാവും നിലലവിലേത് ഉൾപ്പടെ രണ്ട് ലോക ചാമ്പ്യൻഷിപ്പുകളിലെ ജേതാവുമാണ് അക്സൽസൻ. ഇതുവരെ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളിൽ നാലിലും ജയിച്ചത് അക്സൽസനാണ്. 2022 മാർച്ചിലെ ജർമ്മൻ ഓപ്പണിൽ മാത്രമാണ് ലക്ഷ്യയ്ക്ക് ജയിക്കാനായത്. കഴിഞ്ഞ മേയിൽ സിംഗപ്പൂർ ഓപ്പണിൽ ഇരുവരും നേർക്ക് നേർ വന്നപ്പോൾ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് ഡെന്മാർക്ക് താരം ജയിക്കുകയായിരുന്നു.
സെമിയിൽ ജയിച്ചാൽ ലക്ഷ്യയ്ക്ക് സ്വർണമോ വെള്ളിയോ ഉറപ്പാകും. സെമിയിൽ തോറ്റാൽ വെങ്കലമെഡലിനായുള്ള മത്സരത്തിനിറങ്ങേണ്ടിവരും. പ്രീ ക്വാർട്ടറിൽ മലയാളി താരം എച്ച്.എസ് പ്രണോയ്‌യെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് ലക്ഷ്യ ക്വാർട്ടറിലെത്തിയത്. ക്വാർട്ടറിൽ ചൈനീസ് തായ്‌പേയ് താരം ചൗ ടിയെൻ ചെന്നിനെ 2-1ന് തോൽപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്നരയ്ക്കാണ് ലക്ഷ്യയും അക്സൽസനും തമ്മിലുള്ള പോരാട്ടം.
ടോക്യോ ഒളിമ്പിക്സിലെ വനിതാ ബോക്സിംഗ് വെങ്കലമെഡൽ ജേതാവ് ലവ്‌ലിന ബോർഗോഹെയ്ന് ഈ ഒളിമ്പിക്സിലും ഒരു മെഡൽ ഉറപ്പിക്കാൻ ഒരൊറ്റ മത്സരം കൂടി ജയിച്ചാൽ മതി. പക്ഷേ അതത്ര എളുപ്പമല്ല, കാരണം ലവ്‌ലിന 75 കിലോ വിഭാഗം ക്വാർട്ടറിൽ നേരിടേണ്ടത് ടോപ് സീഡ് ചൈനീസ് താരം ലി ക്വിയാനെയാണ്. പ്രീ ക്വാർട്ടർ മത്സരത്തിൽ മുൻ ലോക ജൂനിയർ ചാമ്പ്യൻ സ്വീഡന്റെ സുന്നിവ ഹോഫ്സ്റ്റാഡിനെയാണ് 5-0ത്തിന് ലവ്‌ലിന തോൽപ്പിച്ചത്.
ബോക്സിംഗിൽ ക്വാർട്ടർ ജയിച്ച് സെമിയിലെത്തിയാൽ മെഡൽ ഉറപ്പാകും. സെമിയിൽ തോൽക്കുന്നവർക്ക് വെങ്കലങ്ങളാണ് നൽകുക. കഴിഞ്ഞ തവണ ലവ്‌ലിന സെമിയിലെത്തിയാണ് വെങ്കലം നേടിയത്. എന്നാൽ ഇത്തവണ ക്വാർട്ടറിൽ കീഴടക്കാനുള്ളത് ചില്ലറക്കാരിയെയല്ല. ലി ക്വിയാൻ രണ്ട് ഒളിമ്പിക്സുകളിലെയും മൂന്ന് ലോക ചാമ്പ്യൻഷിപ്പുകളിലെയും കഴിഞ്ഞ ഏഷ്യൻ ഗെയിംസിലെയും സ്വർണമെഡൽ ജേതാവാണ്. ഏഷ്യൻ ഗെയിംസ് ഫൈനലിൽ ക്വിയാൻ ലവ്ലിനയെയാണ് തോൽപ്പിച്ചത്. കഴിഞ്ഞ ജൂണിൽ നടന്ന ഗ്രാൻപ്രീ മത്സരത്തിലും ലവ്‌ലിന ചൈനീസ് താരത്തോട് തോറ്റിരുന്നു.ക്വാർട്ടർ കടക്കണമെങ്കിൽ ലവ്ലിനയ്ക്ക് ചില്ലറ ഇടിയൊന്നും പോരാതെവരുമെന്ന് സാരം.
ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്കാണ് ലവ്ലിനയുടെ ക്വാർട്ടർ ഫൈനൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |