കൊച്ചി: റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലേക്ക് (ആർ.പി.എഫ് ) വ്യാജ ഇന്റർവ്യൂ. അഞ്ച് ദിവസം മുമ്പ് നടന്ന തട്ടിപ്പിന് ചുക്കാൻ പിടിച്ചത് കൊല്ലം സ്വദേശിനിയായ യുവതിയടങ്ങുന്ന സംഘം. റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥരെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
തിരുവനന്തപുരം സ്വദേശിയായ ഉദ്യോഗാർത്ഥിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് യുവതിക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചു. 15ലധികം പേരാണ് സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടലിൽ നടന്ന വ്യാജ ഇന്റർവ്യൂവിൽ പങ്കെടുത്തത്. എല്ലാവരിൽ നിന്ന് 75,000 രൂപ മുതൽ സംഘം കൈക്കലാക്കി. ജോലി ലഭിച്ചശേഷം ഒന്നര ലക്ഷം രൂപ മുതൽ നൽകണമെന്നായിരുന്നു വ്യവസ്ഥ.
രാവിലെ 10 ന് തുടങ്ങിയ അഭിമുഖം വൈകിട്ട് 5.30 വരെ നീണ്ടു. മുറികൾ കൂട്ടത്തോടെ ബുക്ക് ചെയ്തായിരുന്നു ഇന്റർവ്യൂ. ഒരോരുത്തരായി വിളിച്ച് അപേക്ഷ പൂരിപ്പിച്ചുവാങ്ങി പ്രത്യേകമായി ഒരുക്കിയ മുറിയിൽ എത്തിച്ചായിരുന്നു യുവതിയുടെ ഇന്റർവ്യൂ. സർട്ടിഫിക്കറ്റുകളും പരിശോധിച്ചു.
സുഹൃത്തുവഴി വിവരമറിഞ്ഞാണ് തിരുവനന്തപുരം സ്വദേശി ഇന്റർവ്യൂവിന് എത്തിയത്. പണം മുൻകൂറായി നൽകിയിരുന്നു. "കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി അത്രയ്ക്ക് മോശമാണ്. കുറച്ച് പണം നൽകിയാൽ ജോലി ലഭിക്കുമെന്ന് അറിഞ്ഞപ്പോൾ ഇറങ്ങിത്തിരിച്ചു. കടംവാങ്ങിയാണ് പണം നൽകിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 15ലധികം ഉദ്യോഗാർത്ഥികളെത്തി. ഇതിൽ രണ്ടുപേർ യുവതികളായിരുന്നു. പരാതി നൽകിയത് അറിഞ്ഞ് പണം വാങ്ങിയ സുഹൃത്ത് കൈയിൽ നിന്നെടുത്ത് തുക തിരികെ നൽകി. അവർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് തോന്നുന്നത് " തട്ടിപ്പിന് ഇരയായ യുവാവ് കേരളകൗമുദിയോട് വെളിപ്പെടുത്തി. മറ്റ് ജില്ലകളിലും സമാനമായി ജോലി തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
റൂം വാടക നൽകിയില്ല
തിരുവനന്തപുരം സ്വദേശിക്ക് രണ്ട് ദിവസം താമസിക്കാൻ സൗകര്യം ഒരുക്കിയിരുന്നു. റൂം എടുത്തതിന്റെ പണം ലഭിക്കാതായതോടെ ഹോട്ടലുടമ ആർ.പി.എഫിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് റെയിൽവേ അറിഞ്ഞത്. തുടർന്ന് ഹോട്ടലിൽ പരിശോധന നടത്തി. റൂമിലുണ്ടായിരുന്ന ഉദ്യോഗാർത്ഥിയെ കണ്ടെത്തി ആർ.പി.എഫ് സംഘം വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് യുവാവിനെ എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തിച്ച് പരാതി എഴുതി വാങ്ങുകയായിരുന്നു. യുവതിയുടെ ഫോട്ടോ യുവാവ് തിരിച്ചറിഞ്ഞതോടെയാണ് തട്ടിപ്പുകാരി കൊല്ലം സ്വദേശിനിയാണെന്ന് വ്യക്തമായത്. ഇവർ നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയാണ്. പലവട്ടം അറസ്റ്റിലായിട്ടുമുണ്ട്. സംഭവത്തിൽ ആർ.പി.എഫും അന്വേഷണം നടത്തുന്നുണ്ട്.
പുസ്തകം നൽകും, പരീക്ഷ എഴുതണം
ഇന്റർവ്യൂവിൽ പങ്കെടുത്താൽ മാത്രം പോര. വരുന്ന ആർ.പി.എഫ് പരീക്ഷ നിർബന്ധമായി എഴുതണമെന്നാണ് യുവതി അഭിമുഖത്തിൽ ഉദ്യോഗാർത്ഥികളോട് പറഞ്ഞിരുന്നത്. പഠിക്കാനുള്ളതെല്ലാം നൽകാമെന്നായിരുന്നു വ്യവസ്ഥ. ഇവരുടെ ഇടപെടലിലൂടെ എളുപ്പം റെയിൽവേയിൽ ജോലി ലഭിക്കുമെന്നാണ് ഉദ്യോഗാർത്ഥികൾ കരുതിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |