വിഴിഞ്ഞം മത്സ്യബന്ധന തീരത്ത് അപൂർവയിനം കല്ലൻ കണവകളുടെ ചാകര. മത്സ്യബന്ധത്തിന് പോയ എഴുപതോളം മത്സ്യത്തൊഴിലാളികൾക്കായി അരലക്ഷം ടൺ കല്ലൻ കണവകളാണ് ലഭിച്ചത്.
മലയാളികൾക്ക് ഇവയോട് അത്ര പ്രിയമില്ലാത്തതിനാൽ വിദേശത്തേക്ക് കയറ്റി അയയ്ക്കും. കൊച്ചിയിലെത്തിച്ച ശേഷം സംസ്‌കരിച്ചാണ് വിദേശത്തെത്തിക്കുക. ഇവിടെ കിലോയ്‌ക്ക് 400 രൂപയാണ് വില. വിദേശത്ത് ആയിരം രൂപ വരെയാകും. ജപ്പാൻ, ഫിലിപ്പീൻസ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലാണ് ഇവയ്ക്ക് ഡിമാൻഡ് കൂടുതൽ.
കടലിൽ മട താഴ്ന്നതാണ് കൂട്ടത്തോടെ കണവ ലഭിക്കാൻ കാരണം. സാധാരണ ഇവ പരന്ന് ഒഴുകുന്നവയാണ്. കൂട്ടത്തോടെ എത്തുമ്പോൾ ഒന്നിച്ച് ഒരു സ്ഥലത്ത് താഴ്ന്ന് കൂട്ടമായി കാണുന്നതിനെയാണ് മട എന്നു പറയുന്നത്. വിഴിഞ്ഞത്തു നിന്ന് ഏകദേശം 45 കിലോമീറ്റർ ഉള്ളിൽ നിന്നാണ് ഇവ ലഭിച്ചതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
വിദേശികൾക്ക് പ്രിയം
നല്ല കട്ടിയുള്ള മാംസമായതിനാൽ മലയാളികൾ സാധാരണ ഉപയോഗിക്കാറില്ല. അതേസമയം വടക്കൻ ജില്ലകളിൽ ആവശ്യക്കാരുണ്ട്. വിനാഗിരി ഉൾപ്പെടെ ചേർത്ത് പ്രത്യേക രീതിയിലാണ് ഇതിന്റെ പാചകം. പച്ചയും നീലയും ചേർന്ന രക്തമാണ് ഇവയുടേത്. ശത്രുക്കളെ കണ്ടാൽ കറുത്ത നിറത്തിലുള്ള വിഷദ്രാവകം പുറത്തേക്ക് വമിപ്പിച്ച് പിന്നിലേക്ക് അതിവേഗം സഞ്ചരിച്ച് രക്ഷപ്പെടും. ഞണ്ടുകളും ചെറുമത്സ്യങ്ങളുമാണ് ഇവയുടെ ഭക്ഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |