തൃശൂർ: നിക്ഷേപങ്ങൾ സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിൽ നിരവധി കേസുകളിൽ പ്രതിയും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ ടി.എ സുന്ദർമേനോൻ അറസ്റ്റിൽ. കോടികളുടെ നിക്ഷേപം കിട്ടിയില്ലെന്ന 18 പേരുടെ പരാതിയിൽ ഇന്ന് രാവിലെയാണ് സുന്ദർ മേനോനെ ക്രൈംബ്രാഞ്ച് പിടികൂടിയത്. പൂങ്കുന്നം ചക്കാമുക്ക് കേന്ദ്രീകരിച്ചാണ് ഹീവാൻസ് ഫിനാൻസ് എന്ന പേരിൽ ഏതാനും വർഷങ്ങൾക്ക് മുൻപ് സ്ഥാപനം തുടങ്ങിയത്. സുന്ദർമേനോനായിരുന്നു ചെയർമാൻ.
മാനജിംഗ് ഡയറക്ടറായിരുന്ന കോൺഗ്രസ് നേതാവുമായി ചേർന്നായിരുന്നു തുടക്കം. പണം കിട്ടാതായതോടെ നിക്ഷേപകർ പൊലീസിൽ പരാതി നൽകി. ഉടനെ കോടതിയിൽ ഹാജരാക്കും. ജമ്മു ആസ്ഥാനമായായിരുന്നു സ്ഥാപനം തുടങ്ങിയത്. എന്നാൽ ജമ്മുവിൽ സ്ഥാപനത്തിന്റെ ഓഫീസില്ലെന്ന് വ്യക്തമായിരുന്നു. കേരളത്തിൽ നിരവധി ബ്രാഞ്ചുകളുണ്ടായിരുന്നു. മുന്നൂറോളം പേർ പരാതി നൽകിയിരുന്നു. ഹൈക്കോടതിയിലും ഹർജി സമർപ്പിച്ചിരുന്നു.
സ്ഥിരനിക്ഷേപത്തിന് കാലാവധി കഴിഞ്ഞാൽ ഇരട്ടിതുക നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പണം തിരിച്ചുനൽകാത്തതിനാൽ നിക്ഷേപകർ പ്രതിഷേധം നടത്തിയിരുന്നു. മാസങ്ങൾക്ക് മുൻപേ സ്ഥാപനം പൂട്ടിയിരുന്നു. തൃശ്ശൂരിലെ പെൺകുട്ടിയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ സുന്ദർ മേനോൻ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ് . കൂടാതെ നിരവധി കേസിൽ പ്രതിയായ ഇദ്ദേഹത്തിന് നൽകിയ പത്മശ്രീ ബഹുമതി തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി പത്മനാഭൻ അടുത്തിടെ രാഷ്ട്രപതിക്ക് ഹർജി നൽകിയിരുന്നു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |