ചാലക്കുടി: മഹാരാഷ്ട്രയിൽ വ്യവസായിയുടെ വാഹനം കൊള്ളയടിച്ച് 73 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ സംഘത്തിലെ മൂന്നുപേരടക്കം അഞ്ചുപേരെ ചാലക്കുടിയിൽ നിന്നും കേരള പൊലീസ് പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ മഹാരാഷ്ട്ര പൊലീസ് മുംബയ്ക്ക് കൊണ്ടുപോയി.
അതിരപ്പിള്ളി കണ്ണൻകുഴി സ്വദേശി മുല്ലശേരി വീട്ടിൽ കനകാംബരൻ (38), വെറ്റിലപ്പാറ വഞ്ചിക്കടവ് ചിത്രക്കുന്നേൽ വീട്ടിൽ സതീശൻ (48), വെറ്റിലപ്പാറ അരൂർമുഴി പുത്തനമ്പൂക്കൻ വീട്ടിൽ അജോ (42), പാലക്കാട് വടക്കുംഞ്ചേരി സ്വദേശികളായ കിഴക്കഞ്ചേരിയിൽ ഏരുവീട്ടിൽ ജിനു എന്നു വിളിക്കുന്ന ജിനീഷ് (41), കമ്മാന്തറ പ്രധാനി വീട്ടിൽ ഫൈസൽ (34) എന്നിവരാണ് പിടിയിലായത്. അതിരപ്പിള്ളി സ്വദേശികളിൽ രണ്ടുപേർ ബി.ജെ.പി പ്രാദേശിക നേതാക്കളാണ്.
കാറിൽ ഏഴ് കോടിയും കവർച്ചയിൽ കൂടുതൽ പേരും ഉണ്ടായിരുന്നെന്നും പൊലീസിന് സൂചന ലഭിച്ചു. പൽഘാർ ജില്ലയിൽ കഴിഞ്ഞ ജൂലായ് പത്തിനായിരുന്നു കവർച്ച. മുംബയിലേയ്ക്ക് പോയിരുന്ന ഗുജറാത്ത് രാജ് കോട്ട് സ്വദേശിയായ വ്യവസായി റഫീക്ഭായി സെയ്തിന്റെ കാർ തടഞ്ഞു നിറുത്തിയാണ് ദേശീയ പാതയിൽ മാനൂരിൽ വച്ച് സംഘം കൊള്ളയടിച്ചത്. ഗ്ലാസ് തല്ലിത്തകർത്ത അക്രമികൾ ഇവരെ പുറത്തിറക്കി മർദ്ദിച്ച് റോഡരികിൽ തള്ളി. പിന്നീട് പണവും കാറുമായി ഓടിച്ചുപോയി. പിന്നീട് വാഹനം വിക്രംഘട്ട് എന്ന സ്ഥലത്ത് ഉപേക്ഷിച്ചു. വാഹനത്തിന്റേത് വ്യാജ നമ്പറാണെന്ന് വ്യക്തമായതോടെ കേരള പൊലീസിന്റെ സഹായം തേടി.
ദേശീയ പാതയിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി കൊള്ളയടിക്കുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ തൃശൂരിലേയ്‌ക്കെത്തിച്ചത്. ചാലക്കുടിയിലെത്തിയ മുംബയ് പൊലീസിനെ, ടോൾപ്ലാസയിലെ അവ്യക്ത സി.സി.ടി.വി ദൃശ്യം കാണിച്ചതോടെ പ്രതികളെ തിരിച്ചറിഞ്ഞു. തുടർന്ന് ഡിവൈ.എസ്.പിയുടെ സ്‌ക്വാഡ് പ്രതികളെ പിടികൂടി മുംബയ് പൊലീസിന് കൈമാറി. ചാലക്കുടി ഡിവൈ.എസ്.പി കെ.സുമേഷിന്റെ നേതൃത്വത്തിൽ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ വി.ജി.സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം.മൂസ, വി.യു.സിൽജോ, എ.യു.റെജി, എം.ജെ.ബിനു, ഷിജോ തോമസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |