'എന്റെ കെെയിലിരുന്ന് ആ കുഞ്ഞ് കരഞ്ഞില്ല മാനം നോക്കിക്കിടന്നു'. പ്ലാസ്റ്റിക് ബാസ്ക്കറ്റിൽ വെറും മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ച് റോപ്പിലൂടെ മുണ്ടക്കെെയിലെ കുത്തിയൊലിച്ച പുഴ കടക്കുമ്പോൾ നിഖിലിന്റെ മനസ് നിറയെ ആശങ്കയായിരുന്നു. എങ്ങനെയും കുഞ്ഞിന്റെ ജീവൻ രക്ഷിക്കുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. മറ്റ് അഗ്നിശമന സേനാംഗങ്ങളും ആ ലക്ഷ്യത്തിനൊപ്പം നിന്നപ്പോൾ അത് വിജയം കണ്ടു.
ജൂലായ് 30-ാം തീയതി പുലർച്ചെ മലയാളി ഉണർന്നത് വയനാട്ടിലെ ഉരുൾപൊട്ടൽ വാർത്ത കേട്ടായിരുന്നു. സ്ഥലത്ത് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത് നാട്ടുകാരും പൊലീസും അഗ്നിശമന സേനയുമാണ്. കോഴിക്കോട് - കണ്ണൂർ അഗ്നിശമന സേനയിലെ റോപ്പ് റെസ്ക്യൂ ടീമിലെ അംഗമാണ് നിഖിൽ മല്ലിശേരി. ആയിരങ്ങളെ രക്ഷിക്കാനെത്തിയ ടീമിൽ അന്ന് നിഖിലും ഉണ്ടായിരുന്നു. അന്ന് നടന്ന സംഭവത്തെക്കുറിച്ചും ദുരന്ത മേഖലയിലെ രക്ഷാപ്രവർത്തനത്തെക്കുറിച്ചും കോഴിക്കോട് ചെറുകുളത്തൂർ സ്വദേശി നിഖിൽ മല്ലിശേരി കേരള കൗമുദി ഓൺലെെനിനോട് സംസാരിക്കുന്നു.
ജൂലായ് 30
എനിക്ക് അന്ന് അവധിയായിരുന്നു. എന്നാൽ ദുരന്തസമയത്ത് പെട്ടെന്ന് ഹാജരാകാൻ പറഞ്ഞതിനാൽ ഞാൻ വയനാട്ടിലേക്ക് പോയി. റോപ്പ് റെസ്ക്യൂ ടീമിനോട് പെട്ടെന്ന് മുണ്ടക്കെെയിൽ എത്താൻ പറഞ്ഞു. ഒരു ഭാഗത്ത് വീടുകൾ തകർന്നുകിടക്കുന്നു. ജനങ്ങൾ പേടിച്ച് ഓടുന്നു. വളരെ ഭയാനകമായ അന്തരീക്ഷമായിരുന്നു അത്. ആദ്യം ഇവിടെ നിന്ന് മൂന്ന് ടീമാണ് അക്കരെ പോയത്. രക്ഷാപ്രവർത്തകരെയും അതിനുള്ള ഉപകരണങ്ങളും അയക്കുകയും അവിടെ നിന്ന് അപകടത്തിൽപെട്ടവരെ തിരിച്ച് കൊണ്ട് വരികയുമായിരുന്നു.
മുഴുവൻ ചെളിയും വെള്ളവുമായിരുന്നു ആ സമയം. ചൂരൽമലയും മുണ്ടക്കെെയുമായി ബന്ധിപ്പിക്കുന്ന പാലം പോയതോടെ അവിടെയുള്ള ജനങ്ങളെ ഇവിടേയ്ക്ക് എത്തിക്കാൻ ശ്രമം നടത്തി. ഒരു ഡോക്ടറാണ് പറഞ്ഞത് മൂന്ന് മാസം പ്രായമായ കുഞ്ഞിനെയും അമ്മയെയും അക്കരെ എത്തിക്കണമെന്ന്. അമ്മയുടെ കെെയിൽ നിന്ന് ഡോക്ടറുടെ കെെയിൽ എത്തിയപ്പോൾ കുഞ്ഞ് കരഞ്ഞു. വേഗം ഒരു പ്ലാസ്റ്റിക് ബാസ്ക്കറ്റ് സംഘടിപ്പിച്ച് കുഞ്ഞിനെ അതിൽ വയ്ക്കുകയായിരുന്നു.
പ്ലാസിക് ബാസ്ക്കറ്റിൽ ആകാശത്ത് നോക്കി കുഞ്ഞ് കിടന്നു. പിന്നെ കരഞ്ഞില്ല. അമ്മയോട് ഞാൻ പറഞ്ഞു 'പേടിക്കണ്ടേ, കുഞ്ഞിനെ ഞാൻ സേഫായി അക്കരെ എത്തിക്കും'. അപ്പോൾ ആ അമ്മ പറഞ്ഞത്. എനിക്ക് നിങ്ങളെ വിശ്വാസമാണെന്നാണ്. ആ വാക്ക് അപ്പോൾ എനിക്ക് തന്ന ധെെര്യം വളരെ വലുതായിരുന്നു.
എന്റെ ടീമിനോട് എനിക്കുണ്ടായിരുന്ന വിശ്വാസമാണ് ആ മിഷൻ ഏറ്റെടുക്കാൻ ധെെര്യം നൽകിയത്. റോപ്പിന് ഒരു ഇളക്കം പോലും സംഭവിക്കാതെയാണ് കുഞ്ഞിനെ ഞങ്ങളുടെ ടീം അക്കരെ എത്തിച്ചത്. ശരിക്കും പുഴയുടെ പകുതി എത്തിയപ്പോൾ എനിക്ക് നല്ല ഭയമുണ്ടായിരുന്നു. ചെറിയ കുട്ടിയാണല്ലോ ഞാൻ ആ പ്ലാസിക് ബാസ്ക്കറ്റ് നെഞ്ചോട് ചേർത്ത് ഇറുക്കി പിടിച്ചു. കരയിലെത്തിയപ്പോഴാണ് ശരിക്കും ശ്വാസം നേരെ വീണത്. കെെയിൽ നിന്ന് ഒരു അബദ്ധവും പറ്റരുതെന്നായിരുന്നു ചിന്ത.
ആ അമ്മയുടെ വാക്ക് കേട്ട് ഞാൻ തകർന്നു പോയി
രക്ഷാപ്രവർത്തനങ്ങൾക്കിടെ നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നിരുന്നു. അതിൽ ഇപ്പോഴും മായാതെ നിൽക്കുന്ന ഒരു സംഭവം ഉണ്ട്. ഒരു അമ്മയെ രക്ഷിക്കുന്ന സമയത്തായിരുന്നു ആ അനുഭവം ഉണ്ടായത്. ഏകദേശം 80 വയസായ ആ അമ്മയോട് ഞാൻ പറഞ്ഞു. പേടിക്കേണ്ട, നിങ്ങളെ സേഫ് ആയി അപ്പുറത്ത് എത്തിക്കുമെന്ന്. ഉയരത്തിൽ കയറുമ്പോൾ എല്ലാവർക്കും പേടി കാണുമല്ലോ? പക്ഷേ ആ അമ്മ പറഞ്ഞത് 'ഇനി ഇതിലും കൂടുതൽ എന്ത് സംഭവിക്കാനാണ്' എന്നാണ്. ഇത്രമാത്രമേ പറഞ്ഞുള്ളൂ. അത് എന്നെ വളരെ അധികം വേദനിപ്പിച്ചു. ആ വാക്കുകളിൽ എല്ലാം ഉണ്ടായിരുന്നു.
ആദ്യ താല്ക്കാലിക പാലം അഗ്നിശമനസേനയുടേത്
ബെയ്‌ലി പാലത്തിന് മുൻപ് മുണ്ടക്കെെയും ചൂരൽമലയും ബന്ധിപ്പിച്ച് ആദ്യപാലം നിർമ്മിച്ചത് അഗ്നിശമന സേനയാണ്. ഫയർഎൻജിന്റെ മുകളിലുള്ള ഏണിവച്ച് വലുതാക്കി. അതിന് ചുവട്ടിൽ കവുങ്ങ് കൊണ്ട് വന്ന് ഉറപ്പിച്ചു. പിന്നെ പലകയിട്ടാണ് ആദ്യ താല്ക്കാലിക പാലം നിർമ്മിക്കുന്നത്. അത് കഴിഞ്ഞാണ് ബെയ്‌ലി പാലം സെെന്യം നിർമ്മിക്കുന്നത്.
ഒരു ടീമായി ഒന്നിച്ച്
കേരളത്തിൽ എവിടെ എന്ത് നടന്നാലും ആദ്യം സർക്കാരിന്റെ ഭാഗത്ത് നിന്ന് ഓടിയെത്തുന്ന വകുപ്പ് പൊലീസും അഗ്നിശമന സേനയുമാണ്. നാട്ടുകാരും ഉണ്ടാകും. വയനാട്ടിലെ ദുരന്തമുഖത്ത് സെെന്യം, അഗ്നിശമനസേന, പൊലീസ്, എൻഡിആർഎഫ്, നേവി, നാട്ടുകാർ എല്ലാവരും ഒരു ടീമാണ്. അവിടെ വേർതിരിവ് ഇല്ല. അവിടെ പ്രവർത്തിക്കുമ്പോൾ മലയാളി ആയതിൽ എനിക്ക് അഭിമാനം തോന്നി. നിരവധി പേരാണ് രക്ഷാപ്രവർത്തനത്തിന് സഹായിച്ചത്.
എല്ലാ കാര്യങ്ങൾക്കും വ്യക്തമായ ഒരു പ്ലാൻ ഉണ്ടായിരുന്നു. സർക്കാരും നമ്മുടെ ഒപ്പം ഉണ്ടായിരുന്നു. നമ്മുടെ നാട്ടിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് ഈ കൂട്ടായ്മ. സോഷ്യൽ മീഡിയയിൽ ഇതിനെക്കുറിച്ച് പ്രചരിക്കുന്നുണ്ടെങ്കിലും അത് അനുഭവിക്കാൻ എനിക്ക് കഴിഞ്ഞുവെന്നതിൽ സന്തോഷമുണ്ട്. നല്ല ഒരു ഏകീകരണം അവിടെ നടന്നിട്ടുണ്ട്. അതിൽ അഭിമാനിക്കുന്നു. ഡ്യൂട്ടി മാറിമാറിയാണ് വരുന്നത്. നാളെ വീണ്ടും മുണ്ടക്കെെയിലെത്തും. അടുത്ത രണ്ട് ദിവസം അവിടെയാണ് ഡ്യൂട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |