കല്ലമ്പലം: ഒറ്റൂർ പേരേറ്റിൽ രാത്രി വീടിന്റെ പിൻ വാതിൽ പൊളിച്ച് 50 പവൻ കവർന്ന സംഭവത്തിൽ കള്ളൻ ഇനിയും കാണാമറയത്ത്. പേരേറ്റിൽ നെടിയവിള വീട്ടിൽ നവീന(40)യുടെ സ്വർണമാണ് കവർന്നത്. കഴിഞ്ഞ 15ന് രാത്രി 8.30ന് വീട്ടുകാർ ആറ്റിങ്ങൽ അവനവഞ്ചേരിയിലുള്ള ബന്ധു വീട്ടിൽ പോയി 10.30 ഓടെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്.
പിൻ വാതിൽ പിക്കാസുകൊണ്ട് പൊളിച്ച് അടുക്കള വഴി ബെഡ് റൂമിലെത്തി രണ്ട് അലമാരകളിലായി സൂക്ഷിച്ചിരുന്ന 50 പവൻ കവരുകയായിരുന്നു. സംഭവ സമയത്ത് പ്രദേശത്ത് കറണ്ടില്ലാതിരുന്നതും മോഷ്ടാക്കൾക്ക് അനുഗ്രഹമായി. അലമാരകളും പിക്കാസ് ഉപയോഗിച്ചാണ് പൊളിച്ചത്. പൊലീസും വിരലടയാള വിദഗ്ദ്ധരും തെളിവുകൾ ശേഖരിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. വീടിന് സമീപത്തെ സി.സി ടി വി ക്യാമറ പരിശോധിച്ചെങ്കിലും വ്യക്തമായ തെളിവുകളും ലഭിച്ചിട്ടില്ല.
കവർച്ച നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും അന്വേഷണം മന്ദഗതിയിലാണെന്നാണ് വീട്ടുകാരുടെ ആരോപണം. അതേസമയം, അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതി ഉടൻ പിടിയിലാകുമെന്നും കല്ലമ്പലം എസ്.എച്ച്.ഒ വിജയരാഘവൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |