ലെബനൻ: ഹമാസ് നേതാവ് ഇസ്‌മയിൽ ഹനിയേയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധഭീതി വർദ്ധിച്ച സാഹചര്യത്തിൽ ലെബനൻ വിടാൻ പൗരന്മാർക്ക് അമേരിക്കയും ബ്രിട്ടനും ഉപ്പെടെയുള്ള രാജ്യങ്ങളുടെ മുന്നറിയിപ്പ്.
അമേരിക്കൻ പൗരന്മാർ ലഭ്യമായ വിമാനങ്ങളിൽ ലെബനൻ വിടാൻ ബെയ്റൂട്ടിലെ യു. എസ് എംബസി നിർദ്ദേശിച്ചു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയും സമാന നിർദ്ദേശം പൗരന്മാർക്ക് നൽകി. ലെബനൻ, ഇസ്രയേൽ സന്ദർശനം ഒഴിവാക്കണമെന്ന് ജോർദ്ദാനും കാനഡയും നിർദ്ദേശിച്ചു. നിരവധി വിമാന സർവ്വീസുകൾ മേഖലയിലേക്കുള്ള സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്. മേഖലയിൽ അമേരിക്ക കൂടുതൽ യുദ്ധക്കപ്പലുകൾ വിന്യസിച്ചു. അതേസമയം, വടക്കൻ ഇസ്രയേലിലെ ബൈത്ത് ഹിലെൽ മേഖലയിൽ ഹിസ്ബുള്ള റോക്കറ്റാക്രമണം നടത്തി. ലെബനനിലെ ജനങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണെന്ന് ഹിസ്ബുള്ള അറിയിച്ചു. ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനം നിരവധി റോക്കറ്റുകൾ തകർത്തു.
സംഘർഷം വർദ്ധിച്ച സാഹചര്യത്തിൽ പശ്ചിമേഷ്യയിൽ സുരക്ഷയും പ്രതിരോധവും ഉറപ്പാക്കുമെന്ന് യു.എസ് സൈനിക ആസ്ഥാനമായ പെന്റഗൺ അറിയിച്ചിരുന്നു. പശ്ചിമേഷ്യൻ മേഖലയിൽ കൂടുതൽ യുദ്ധക്കപ്പലുകളും വിമാനങ്ങളും ബാലിസ്റ്റിക് മിസൈലുകളും വിന്യസിക്കാൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഉത്തരവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |