തൃശൂർ: നിക്ഷേപകരിൽ നിന്ന് സ്വീകരിച്ച 7.78 കോടി രൂപ തട്ടിപ്പു നടത്തിയ കേസുകളിൽ മുൻ വ്യവസായിയും പത്മശ്രീ ജേതാവും തിരുമ്പാടി ദേവസ്വം പ്രസിഡന്റുമായ ടി.എ. സുന്ദർമേനോൻ (63) അറസ്റ്റിൽ.
തൃശൂർ ചക്കാമുക്ക് ഹിവാൻ നിധി , ഹീവാൻ ഫിനാൻസ് സ്ഥാപനങ്ങൾ വഴി ആർ.ബി.ഐ നിബന്ധനങ്ങൾക്ക് വിരുദ്ധമായി നിക്ഷേപം സ്വീകരിച്ചും, പണം കാലാവധി കഴിഞ്ഞിട്ടും തിരികെ നൽകാതെയും വിശ്വാസ വഞ്ചന നടത്തിയതിനാണ് അറസ്റ്റ്. തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ 18 കേസുകൾ രജ്സ്റ്റർ ചെയ്തിരുന്നു. 62 ഓളം പേരുടെ നിക്ഷേപങ്ങളാണ് സ്വീകരിച്ചത്. വെസ്റ്റ് പൊലീസ് അന്വേഷിച്ചിരുന്ന കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
തൃശൂർ സി.ജെ.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബഡ്‌സ് ആക്ട് പ്രകാരം പ്രതിയുടെയും ഡയറക്ടർമാരുടേയും സ്വത്തുക്കൾ മരവിപ്പിച്ചു. സ്വത്തുക്കൾ കണ്ടുകെട്ടും. പുഴയ്ക്കൽ ശോഭാ സിറ്റിയിലെ ടോപ്പാസ് ഫ്‌ളാറ്റിൽ മൂത്തേടത്ത് അടിയാട്ട് വീട്ടിൽ സുന്ദർ മേനാേൻ ഉച്ചയോടെയാണ് അറസ്റ്റിലായത്. പ്രധാന ഡയറക്ടറും വെസ്റ്റ് പൊലീസ് സ്റ്റേഷൻ റൗഡിയും പ്രതിയുമായ പുതൂർക്കര പുത്തൻ വീട്ടിൽ വീട്ടിൽ ബിജു മണികണ്ഠനും മുൻപ് അറസ്റ്റിലായിരുന്നു. ഹീവാൻ നിധി ചെയർമാനായിരുന്നു സുന്ദർ മേനോൻ. നിക്ഷേപകരുടെ പണം ഡയറക്ടർമാർ ഭൂസ്വത്ത് വാങ്ങാൻ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
2016ൽ തുടങ്ങിയ സ്ഥാപനത്തിൽ നിന്നും 2023 ഏപ്രിൽ മുതലാണ് പണം തിരിച്ചു കിട്ടാതായത്. നിക്ഷേപകർക്ക് വണ്ടിച്ചെക്ക് നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ടായിരുന്നു. സ്ഥാപനത്തിന്റെ സ്വത്ത് കണ്ടുകെട്ടാൻ കഴിഞ്ഞ മേയിൽ കളക്ടർ ഉത്തരവിട്ടിരുന്നു. ഇരുപതിലധികം ശാഖകളും ആയിരത്തിലേറെ നിക്ഷേപകരും 33 കോടിയിലേറെ നിക്ഷേപവുമാണ് ഉണ്ടായിരുന്നത്.കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ സി.എസ്. ശ്രീനീവാസൻ മാനേജിംഗ് ഡയറക്ടർ അടക്കമുളള ചുമതലകളിൽ ഉണ്ടായിരുന്നു. ഇദ്ദേഹത്തെയും പ്രതി ചേർത്തിട്ടുണ്ട്. ബാക്കിയുള്ളവരും അറസ്റ്റിലായേക്കും. ആറ് ഡയറക്ടർമാരും ഒരു വൈസ് ചെയർമാനും മൂന്ന് സി.ഇ.ഒമാരുമുണ്ട്.
സുന്ദർമേനോൻ ഉൾപ്പെടെയുള്ളവർ സ്ഥാനങ്ങൾ രാജി വച്ചിരുന്നു. 2016ലാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്. കേസുകളിൽ പ്രതിയായതോടെ പത്മശ്രീ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി പത്മനാഭൻ രാഷ്ട്രപതിക്ക് ഹർജി നൽകിയിരുന്നു. തൃശൂരിലുള്ള പെൺകുട്ടിയെ ആക്രമിച്ച കേസിൽ സുന്ദർ മേനോൻ വിചാരണ നേരിടുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |