ക്വാർട്ടർ ഫൈനലിൽ ഗ്രേറ്റ് ബ്രിട്ടനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക് സെമി ഫൈനലിൽ
നിശ്ചിത സമയത്തും ഷൂട്ടൗട്ടിലും നിരവധി സേവുകളുമായി ഇന്ത്യൻ ഗോളി പി.ആർ ശ്രീജേഷ്
നിശ്ചിത സമയത്ത്
1-1
ഷൂട്ടൗട്ടിൽ
4-2
രണ്ട് പെനാൽറ്റി സ്ട്രോക്കുകൾ തടുത്ത ശ്രീജേഷ് സൂപ്പർ ഹീറോ
പാരീസ് : 44 മിനിട്ടോളം പത്തുപേരായി ചുരുങ്ങേണ്ടിവന്നിട്ടും ബ്രിട്ടനെതിരെ പടപൊരുതിനിന്ന് സമനില കാക്കുകയും പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയം തന്നെ പിടിച്ചെടുക്കുകയും ചെയ്ത ് ഇന്ത്യൻ ടീം പാരീസ് ഒളിമ്പിക്സിന്റെ സെമിഫൈനലിലേക്ക് കടന്നു. ഇന്നലെ ഗ്രേറ്റ് ബ്രിട്ടനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് മറികടന്ന ഇന്ത്യൻ അശ്വമേധത്തിൽ മുഖ്യപങ്ക് വഹിച്ചത് മലയാളിയായ ഗോൾ കീപ്പർ പി.ആർ ശ്രീജേഷാണ്. നിശ്ചിത സമയത്ത് ബ്രിട്ടീഷ് താരങ്ങളുടെ നിരവധി ശ്രമങ്ങൾ ഒറ്റയാനെപ്പോലെ നേരിട്ട് നിർവീര്യമാക്കിയ ശ്രീ ഷൂട്ടൗട്ടിൽ രണ്ട് കിക്കുകൾ തട്ടിത്തെറുപ്പിച്ചാണ് തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും സെമി പ്രവേശം ഉറപ്പാക്കിയത്.
റെഡ് കാർഡ്
16-ാം മിനിട്ടിൽ ബ്രിട്ടീഷ് താരത്തെ സ്റ്റിക്കുകൊണ്ട് തട്ടിയതിന് ഡിഫൻഡർ അമിത് രോഹിതാസിന് ചുവപ്പുകാർഡ് കണ്ട് പുറത്തുപോകേണ്ടിവന്നത് ഇന്ത്യയ്ക്ക് വലിയ പ്രഹരമായിരുന്നു. ഇതോടെ 10 പേരായി ചുരുങ്ങിയ ഇന്ത്യ മിഡ്ഫീൽഡർ മൻപ്രീത് സിംഗിനെ മുന്നേറ്റത്തിൽ നിന്ന് ഡിഫൻസിലേക്ക് മാറ്റി. ഇതൊരവസരമായിക്കണ്ട് ബ്രിട്ടീഷുകാർ അറ്റാക്കിംഗ് ഗെയിമിലേക്ക് തിരിഞ്ഞു. എന്നാൽ പെനാൽറ്റി കോർണർ ഉൾപ്പടെ തട്ടിമാറ്റി ശ്രീജേഷ് ബ്രിട്ടനുമുന്നിൽ പ്രതിരോധക്കോട്ടകെട്ടി.
1-0
മത്സരത്തിൽ ആദ്യ ഗോളിച്ചത് ഇന്ത്യയാണ്. 22-ാം മിനിട്ടിൽ ഒരു പെനാൽറ്റി കോർണറിൽ നിന്ന് നായകൻ ഹർമൻപ്രീത് സിംഗാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോളടിച്ചത്. ഈ ഒളിമ്പിക്സിലെ ഹർമൻപ്രീതിന്റെ ഏഴാം ഗോളായിരുന്നു ഇത്. എന്നാൽ ഈ ഗോളിന്റ െ ആനുകൂല്യം അധികനേരം ആസ്വദിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല.
1-1
27-ാം മിനിട്ടിൽ ഇന്ത്യ സമനില ഗോൾ വഴങ്ങി. ഫീൽഡ് ഗോളിലൂടെയാണ് ബ്രിട്ടൻ സമനില പിടിച്ചത്. ലീ മോർട്ടനായിരുന്നു സ്കോറർ. ഇതോടെ മത്സരം വീണ്ടും മുറുകി. ഹൈ ബാൾ കളിച്ച ഇന്ത്യയെ മാൻ ടു മാൻ മാർക്കിംഗിലൂടെ തളയ്ക്കാനാണ് ബ്രിട്ടീഷുകാർ ശ്രമിച്ചത്. ഇരു ടീമുകൾക്കും നിരവധി പെനൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും വല കുലുങ്ങിയില്ല. രണ്ടാം പകുതിയുടെ അവസാന സമയത്ത് ഇന്ത്യൻ പ്രതിരോധത്തെ വലച്ച് പല തവണ ബ്രിട്ടീഷുകാർ പെനാൽറ്റി കോർണറുകൾ നേടിയെങ്കിലും ശ്രീജേഷിനെ മറികടക്കാനായില്ല.
ഷൂട്ടൗട്ടിലെ കളി
പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്ത്യയ്ക്ക് വേണ്ടി സ്ട്രോക്കെടുത്ത ഹർമൻപ്രീത്, സുഖ്ജീത് സിംഗ്,ലളിത് ഉപാദ്ധ്യായ്,രാജ്കുമാർ പാൽ എന്നിവരുടെ കിക്കുകൾ എല്ലാം വലയിലായി. ഇംഗ്ളണ്ടിന് വേണ്ടി കിക്കെടുത്ത കോണോർ വില്യംസണിന്റെയും ഫിലിപ്പ് റോപ്പറുടെയും സ്ട്രോക്കുകൾ ശ്രീജേഷ് തടുത്തിട്ടു. ജെയിംസ് ആൽബ്രിക്കും സാഷ് വാല്ലെസിനും മാത്രമാണ് വലകുലുക്കാനായത്.
ഒരു ജയമകലെ മെഡൽ
ജർമ്മനിയും അർജന്റീനയും തമ്മിലുള്ള ക്വാർട്ടർ ഫൈനലിലെ ജേതാക്കളെയാണ് നാളെ നടക്കുന്ന സെമിയിൽ ഇന്ത്യ നേരിടേണ്ടത്. സെമിയിൽ ജയിച്ചാൽ സ്വർണമോ വെള്ളിയോ ലഭിക്കാം. സെമിയിൽ തോറ്റാൽ കഴിഞ്ഞ തവണത്തെപ്പോലെ വെങ്കലത്തിനായി മത്സരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |