വീടണയാൻ പ്രദേശവാസികൾ ഇനിയും കാത്തിരിക്കണം
വടക്കാഞ്ചേരി: മാരാത്തുകുന്ന് അകമലയിൽ ഉരുൾപൊട്ടൽ ജാഗ്രത തുടരാൻ നിർദ്ദേശിച്ച് വിദഗ്ദ്ധ സംഘം. മണ്ണിടിഞ്ഞതിന് അരക്കിലോമീറ്റർ ദൂരത്തുള്ള 81 കുടുംബങ്ങൾക്ക് സ്വന്തം വീടുകളിലേക്ക് തിരിച്ചെത്താൻ ഇനിയും കാത്തിരിക്കണം. ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ ജില്ലാ ഓഫീസർ ഡോ. എ.കെ. മനോജിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം ഇന്നലെയും അകമലയിലെത്തി പരിശോധന നടത്തി. ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസർ ബിന്ദുമേനോൻ, ജില്ലാ ഹൈഡ്രോളജിസ്റ്റ് കെ. ലീന എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
പ്രദേശത്ത് അപകടസാദ്ധ്യത വളരെ കൂടുതലാണെന്നാണ് വിദഗ്ദ്ധ സംഘത്തിന്റെ വിലയിരുത്തൽ. ഭൂഗർഭ ഉറവ നിലച്ചെങ്കിലും മണ്ണിന് ബലക്ഷയമുണ്ട്. ഇതിനാൽ അപകടസാദ്ധ്യതയുണ്ടെന്നാണ് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയെയും നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രനെയും സംഘം അറിയിച്ചത്. വിശദമായ റിപ്പോർട്ട് കളക്ടർ അർജുൻ പാണ്ഡ്യന് കൈമാറും. സെക്രട്ടറി കെ.കെ. മനോജ്, ഡിവിഷൻ കൗൺസിലർ ബുഷറ റഷീദ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.
ഇപ്പോഴും അപകടനിലയിൽ തന്നെ
അകമലയിൽ ഭൂമിയുടെ കിടപ്പ് അപകടകരമാണ്. പരമാവധി 22 ഡിഗ്രി വരെയാണ് അപകടമില്ലാത്ത അവസ്ഥ. എന്നാൽ 39 ഡിഗ്രി വരെ ചെരിഞ്ഞാണ് ഇവിടെ ഭൂമിയുടെ നിൽപ്പ്. മഞ്ഞ നിറത്തിൽ പശയുള്ള മണ്ണ് ജലപൂരിതമാണ്. മഴവെള്ളം മൂലം കുന്നിൻ മുകളിൽ ശേഖരിക്കപ്പെട്ട വെള്ളത്തിന്റെ കുത്തിെയൊലിച്ചുള്ള വരവ് നിലച്ചിട്ടുണ്ട്. എങ്കിലും സ്ഥിതി ഭയാനകം തന്നെ. ശക്തമായ വെയിൽ ലഭിച്ച് മണ്ണ് ഉണങ്ങിയാൽ മാത്രമേ അപകടാവസ്ഥ തരണം ചെയ്യൂ. അതുവരെ കാത്തിരിക്കണമെന്നാണ് വിദഗ്ദ്ധ സംഘത്തിന്റെ അഭിപ്രായം.
ജാഗ്രതൈ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |