കൊച്ചി: ഇന്ത്യയിലെ മുൻനിര എസ്.യു.വി നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ ടാറ്റ പഞ്ച് നാലു ലക്ഷം യൂണിറ്റ് വില്പന പിന്നിട്ടു. 34 മാസത്തിനുള്ളിലാണ് ടാറ്റ പഞ്ച് നേട്ടം കൈവരിച്ചത്. സബ് കോംപാക്ട് എസ്.യു.വി വിഭാഗത്തിൽ 2021 ഒക്ടോബറിലാണ് ടാറ്റ പഞ്ച് നിരത്തിൽ എത്തിയത്. ആദ്യ ഫ്രണ്ട് വീൽ ഡ്രൈവ് എസ്.യു.വികളിലൊന്നാണിത്.
നിരത്തിലിറക്കിയശേഷം സുരക്ഷയ്ക്കുള്ള ജി.എൻ. ക്യാപ് 5 സ്റ്റാർ റേറ്റിംഗും ടാറ്റ പഞ്ച് കരസ്ഥമാക്കി. 2022 ആഗസ്റ്റിൽ 10 മാസത്തിനുള്ളിൽ ഒരുലക്ഷം വില്പനയെന്ന നേട്ടവും നേടിയിരുന്നു. അടുത്ത 9 മാസത്തിനിടെ രണ്ടുലക്ഷം വില്പനയും കൈവരിച്ചു. പിന്നീടുള്ള ഏഴുമാസത്തിൽ മൂന്നുലക്ഷത്തിലെത്തി. 2023ൽ നൂതന ട്വിൻ സിലിണ്ടർ ടെക്‌നോളജിയോടെ പുറത്തിറക്കിയ പഞ്ച് ഐ.സി.എൻ.ജിയും 2024 ജനുവരിയിൽ ഇവിയും വിപണിയിൽ ടാറ്റയുടെ വില്പന വീണ്ടും ഉയരാൻ കാരണമായി.
ഇന്ത്യൻ ഉപഭോക്താക്കളെ മനസിലാക്കുന്നതിൽ ടാറ്റ മോട്ടേഴ്സ് എന്നും മുന്നിലാണെന്ന് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ചീഫ് കൊമേഴ്സ്യൽ ഓഫീസർ വിവേക് ശ്രീവാസ്തവ പറഞ്ഞു. പഞ്ചിലൂടെ എസ്.യു.വിയെ ജനാധിപത്യവത്ക്കരിച്ചു. ഉപഭോക്താക്കൾ പഞ്ചിനെ സ്വീകരിക്കുന്നതിൽ സന്തുഷ്ടരാണ്. അടുത്ത ഒരു ലക്ഷമെന്ന നേട്ടം ഇതിലും വേഗത്തിൽ കൈവരിക്കാനാകുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |