നെടുമ്പാശേരി: കൊച്ചി - ദുബായ് സ്പൈസ് ജെറ്റ് വിമാനം മണിക്കൂറുകൾ വൈകി റദ്ദാക്കിയത് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പ്രതിഷേധത്തിനിടയാക്കി. ശനിയാഴ്ച രാത്രി 11.30 ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് ഒമ്പത് മണിക്കൂർ വൈകി ഇന്നലെ രാവിലെ ഏഴരയോടെ റദ്ദാക്കിയതായി അറിയിച്ചത്. ഇതോടെ യാത്രക്കാർ പ്രതിഷേധിക്കുകയായിരുന്നു.
രാജ്യാന്തര യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് എത്തണമെന്നതിനാൽ 8.30 ഓടെ വിമാനത്താവളത്തിൽ എത്തിയവരാണ് പലരും. വിമാനം വൈകുന്നതുമായി ബന്ധപ്പെട്ട് അധികൃതർ യാത്രക്കാർക്ക് കൃത്യമായി വിവരങ്ങൾ നൽകിയില്ലെന്നും ആരോപണമുണ്ട്. നൂറിലധികം പേരാണ് ഈ വിമാനത്തിൽ യാത്രയ്‌ക്കായി എത്തിയിരുന്നത്. ജോലിയിൽ പ്രവേശിക്കാനുള്ളവരും പരീക്ഷയ്ക്കായി പോകുന്ന വിദ്യാർത്ഥികളും യാത്ര മുടങ്ങിയവരിൽ ഉൾപ്പെടുന്നു.
സാങ്കേതിക പ്രശ്‌നമാണു വിമാനം റദ്ദാക്കാൻ കാരണമെന്ന് സ്‌പൈസ് ജെറ്റ് അധികൃതർ പറഞ്ഞു. മറ്റൊരു വിമാനത്തിൽ യാത്രയ്ക്കുള്ള സൗകര്യമൊരുക്കാൻ യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും അത്തരം സംവിധാനമില്ലെന്നായിരുന്നു മറുപടി. ടിക്കറ്റ് റദ്ദാക്കിയാൽ പണം തിരികെ ലഭിക്കാൻ ഏഴ് ദിവസമെടുക്കും.
വിമാനക്കമ്പനിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് യാത്രക്കാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |