അവസാന പ്രതീക്ഷയായിരുന്ന ലവ്‌ലിന ബോർഗോഹെയ്നും ക്വാർട്ടറിൽ പുറത്ത്
പാരീസ് : വനിതകളുടെ 75 കിലോ വിഭാഗം ക്വാർട്ടർ ഫൈനലിൽ ടോക്യോയിലെ വെങ്കലമെഡൽ ജേതാവായിരുന്ന ലവ്‌ലിന ബോർഗോഹെയ്നും പുറത്തായതോടെ ഇന്ത്യയുടെ ബോക്സിംഗ് മെഡലില്ലാതെ അവസാനിച്ചു. ഇന്നലെ ടോപ് സീഡ് ചൈനീസ് താരം ലി
ക്വിയാനാണ് ലവ്‌ലിനയെ 4-1ന് തോൽപ്പിച്ചത്. ക്വാർട്ടറിൽ ജയിക്കാനായിരുന്നെങ്കിൽ ലവ്‌ലിനയ്ക്ക് വെങ്കലമെങ്കിലും ലഭിച്ചേനെ.
നിലവിലെ ഏഷ്യൻ ഗെയിംസ് ചാമ്പ്യനും ടോക്യോ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവുമായ ലി ക്വിയാൻ ഇന്നലെ മൂന്ന് റൗണ്ടുകളിലും ഇന്ത്യൻ താരത്തെ വരിഞ്ഞുമുറുക്കിയാണ് വിജയം നേടിയെടുത്തത്. ആദ്യ രണ്ട് റൗണ്ടുകളിലും ലി ക്വിയാന് വ്യക്തമായ ആധിപത്യമുണ്ടായിരുന്നു. ചൈനീസ് താരത്തിന്റെ പഞ്ചുകളിൽ നിന്ന് രക്ഷപെടാൻ ലവ്‌ലിനയ്ക്ക് പലപ്പോഴും കഴിഞ്ഞില്ല. മൂന്നാം റൗണ്ടിൽ ഇരുവരും തളർന്നപ്പോൾ പരസ്പരം ഹോൾഡ് ചെയ്ത് സമയം കളയാൻ ശ്രമിച്ചതിന് വാണിംഗും ലഭിച്ചു.
ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസ് ഫൈനലിൽ ക്വിയാൻ ലവ്ലിനയെയാണ് തോൽപ്പിച്ചത്. കഴിഞ്ഞ ജൂണിൽ നടന്ന ഗ്രാൻപ്രീ മത്സരത്തിലും ലവ്‌ലിന ചൈനീസ് താരത്തോട് തോറ്റിരുന്നു.
ആറുപേരാണ് പാരീസിലെ ഇന്ത്യൻ ബോക്സിംഗ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ലവ്‌ലിനയും നിഷാന്ത് ദേവും ഒഴികെയുള്ളവർ ക്വാർട്ടറിലെത്തും മുന്നേ പുറത്തായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |