പാരീസ് : പുരുഷ ബോക്സിംഗ് 71 കിലോ വിഭാഗത്തിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന നിഷാന്ത് ദേവ് ക്വാർട്ടർ ഫൈനലിൽ മെക്സിക്കൻ താരം മാർക്കോ അലൻസോ വെർദെ അൽവാരേസിനോട് തോറ്റുപോയത് ബോക്സിംഗിലെ സ്കോറിംഗ് രീതിയെച്ചൊല്ലിയുള്ള വിവാദത്തിനും തിരികൊളുത്തി. മൂന്ന് റൗണ്ട് പോരാട്ടത്തിൽ കൂടുതൽ സമയവും മികച്ചുനിന്നത് ഇന്ത്യൻ താരമായിരുന്നെങ്കിലും അമ്പയർമാർ 4-1 എന്ന സ്കോറിന് മെക്സിക്കൻ താരത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ക്വാർട്ടർ ഫൈനലിൽ വിജയിച്ചിരുന്നെങ്കിൽ നിഷാന്തിന് ഒരു മെഡൽ ഉറപ്പിക്കാൻ കഴിയുമായിരുന്നു. ആദ്യ രണ്ട് റൗണ്ടുകളിലും നിഷാന്തിന്റെ മുന്നേറ്റം വ്യക്തമായിരുന്നു. അവസാന റൗണ്ടിൽ മാത്രമാണ് മെക്സിക്കൻ താരത്തിന് മികവ് കാട്ടാൻ കഴിഞ്ഞത്. ആദ്യ റൗണ്ടിൽ ജഡ്ജുമാർ നിഷാന്തിനാണ് കൂടുതൽ പോയിന്റ് നൽകിയത്. എന്നാൽ രണ്ടാം റൗണ്ടിൽ കൂടുതൽ ജഡ്ജുമാരും മെക്സിക്കൻ താരത്തിന് കൂടുതൽ പോയിന്റ് നൽകി. അവസാന റൗണ്ടിലും മെക്സിക്കൻ താരം മുന്നിലെത്തിയതോടെ 4-1ന് മത്സരവിജയം നിഷാന്തിന് നിഷേധിക്കപ്പെട്ടു. താൻ പരാജയപ്പെട്ടത് വിശ്വസിക്കാനാവാതെയാണ് നിഷാന്ത് റിംഗിൽ നിന്ന് മടങ്ങിയത്.
മത്സരത്തിന്റെ വിധിനിർണയത്തിനെതിരെ മുൻ ഒളിമ്പിക് വെങ്കലമെഡൽ ജേതാവ് വിജേന്ദർ സിംഗ് ഉൾപ്പടെയുള്ളവർ വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്. ബോക്സിംഗിലെ സ്കോറിംഗ് സുതാര്യമാകണമെന്ന് വിജേന്ദർ ആവശ്യപ്പെട്ടു. പാരീസിൽ ജഡ്ജുമാർ നിഷാന്തിന്റെ മെഡൽ കൊള്ളയടിക്കുകയായിരുന്നെന്ന് ബോളിവുഡ് താരം രൺബീർ ഹൂഡ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |