കൽപ്പറ്റ: മണ്ണിന്റെ പ്രഹരത്തിൽ മരണത്തിലേക്ക് വീണുപാേയി തിരിച്ചറിയാൻ കഴിയാതായവർക്ക് ഒരേ മണ്ണിൽ അന്ത്യനിദ്ര. മതത്തിന്റെയും ആചാരങ്ങളുടെയും വേലിക്കെട്ടില്ലാതെ അടുത്തടുത്തായി ഒരുക്കിയ കുഴിമാടങ്ങളിൽ സർവമത പ്രാർത്ഥനയോടെ അവർക്ക് ആത്മശാന്തി. കുഴിമാടത്തിന് അരികിൽ നിൽക്കുമ്പോഴും അവരിൽ ആരാണ് തന്റെ ബന്ധുവെന്നോ അയൽവാസിയെന്നോ അറിയാതെ നാട്ടുകാർ വിതുമ്പി.
തിരിച്ചറിയാത്ത മൃദേഹങ്ങൾക്കായി 39 കുഴിമാടങ്ങളൊരുക്കിയെങ്കിലുംഎട്ടെണ്ണമാണ് അടക്കം ചെയ്തത്. അഴുകിത്തുടങ്ങിയവയായിരുന്നു അവ. ഉറ്റവർക്ക് തിരിച്ചറിയാൻവേണ്ടി മറ്റു മൃതദേഹങ്ങളുടെ സംസ്കാരം അവസാന നിമിഷം മാറ്റിവയ്ക്കുകയായിരുന്നു.
കൂട്ട സംസ്‌കാരത്തിന് കൊണ്ടുവരുംമുമ്പ് മുഹ്‌സില എന്ന യുവതിയുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞ് ഏറ്റുവാങ്ങി. അതുമായി ബന്ധപ്പെട്ട നടപടികൾ കാരണമാണ് സംസ്‌കാര ചടങ്ങുകൾ വൈകിയത്.
രാത്രി പത്തു മണിയോടെയാണ് അടക്കം ചെയ്യാൻ തീരുമാനിച്ച മൃതദേഹങ്ങൾ പുത്തുമലയിലെ ഹാരിസൺ മലയാളത്തിന്റെ സ്ഥലത്തേക്ക് കൊണ്ടുവന്നത്. ഇവിടെയാണ് കുഴിമാടങ്ങൾ ഒരുക്കിയിരിക്കുന്നത്. പുത്തുമലയിൽ കഴിഞ്ഞ തവണ ഉരുൾപൊട്ടൽ ഉണ്ടായ ജനവാസമില്ലാത്ത മേഖലയിൽ റവന്യു ഉദ്യോഗസ്ഥർ സർവേ നടത്തി 64 സെന്റ് സ്ഥലം ഇതിനായി
വേർതിരിക്കുകയായിരുന്നു.
മൃതശരീരങ്ങൾക്കു പുറമേ, ഓരോ ശരീര ഭാഗവും ഓരോ മൃതദേഹമായി കണക്കാക്കിയാണ് അടക്കം ചെയ്യുന്നത്. ഡി.എൻ.എ പരിശോധനയിലൂടെ ആരെയെങ്കിലും തിരിച്ചറിഞ്ഞാൽ തുടർ നടപടികളും ചടങ്ങുകളും നടത്തുന്നതിനാണ് വെവ്വേറെ കുഴിമാടങ്ങൾ സജ്ജമാക്കിയത്.
77 ദുരിതാശ്വാസ ക്യാമ്പുകളിലായി 8246 പേർ തങ്ങുന്നുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിൽ 91ചികിത്സയിലുണ്ട്.253 പേർ ഡിസ്ചാർജായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |