പാരീസ് : നിലവിലെ ഒളിമ്പിക് ചാമ്പ്യനും ലോക രണ്ടാം റാങ്കുകാരനുമായ വിക്ടർ അക്സൽസനുമായി പുരുഷ ബാഡ്മിന്റൺ സിംഗിൾസിൽ തോറ്റുപോയ ഇന്ത്യൻ യുവതാരം ലക്ഷ്യ സെൻ ഇനി വെങ്കലമെഡലിനായി ലൂസേഴ്സ് ഫൈനലിൽ മലേഷ്യയുടെ ലീ സി ജിയയെ നേരിടും.
54 മിനിട്ട് നീണ്ട സെമിഫൈനൽ പോരാട്ടത്തിൽ ഡെന്മാർക്ക് താരത്തിനെതിരെ രണ്ട് ഗെയിമുകളിലും മുന്നിട്ടുനിന്ന ശേഷമാണ് 22-20, 21-14 എന്ന സ്കോറിന് ലക്ഷ്യ തോറ്റത്. ആദ്യ ഗെയിമിൽ ഇടവേളയ്ക്ക് പിരിയുമ്പോൾ ലക്ഷ്യ 11-9 ന് ലീഡ് ചെയ്യുകയായിരുന്നു. ഇടവേള കഴിഞ്ഞെത്തിയപ്പോൾ ലീഡ് 15-9 വരെയായി. എന്നാൽ പരിചയ സമ്പന്നനായ അക്സൽസൻ ശക്തമായി തിരിച്ചുവരുന്നതാണ് പിന്നീട് കണ്ടത്. മൂന്ന് ഗെയിം പോയിന്റുകൾ തിരിച്ചുപിടിച്ച് 20-20ന് സമനിലയാക്കിയ അക്സൽസൻ തുടർച്ചയായി രണ്ട് പോയിന്റുകൾ കൂടി നേടി ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിന്റെ തുടക്കത്തിൽ 7-0ത്തിനായിരുന്നു ലക്ഷ്യയുടെ ലീഡ്. പക്ഷേ അക്സൽസൻ ആദ്യ ഗെയിമിലേതുപോലെ തിരിച്ചടി തുടങ്ങിയപ്പോൾ ലക്ഷ്യ പതറിപ്പോയി. പന്നീട് അക്സൽസൻ 21 പോയിന്റുകൾ നേടിയപ്പോൾ ലക്ഷ്യയ്ക്ക് ഏഴ് പോയിന്റുകൾ കൂടിയേ നേടാനായുള്ളൂ.
ബാഡ്മിന്റണിൽ സെമിയിലെത്തിയ ആദ്യ ഇന്ത്യൻ താരമായ ലക്ഷ്യയ്ക്ക് ബാഡ്മിന്റണിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമകാൻ ഇനിയും അവസരമുണ്ട്. സെമിയിൽ കുൻലാവുത്ത് വിദിത്ത്സരണിനോട് തോറ്റ ലീ സി ജിയയെ ഇന്ന് വൈകിട്ട് ആറുമണിക്ക് നടക്കുന്ന ലൂസേഴ്സ് ഫൈനലിൽ കീഴടക്കിയാൽ ലക്ഷ്യയ്ക്ക് വെങ്കലം നേടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |