ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ക്ഷേത്രത്തോട് ചേർന്നുള്ള വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് ഒമ്പതു കുട്ടികൾക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. സാഗർ ജില്ലയിലെ ഹർദൗൾ ബാബ ക്ഷേത്രത്തിനു സമീപം ഇന്നലെ രാവിലെയായിരുന്നു അപകടം. ചടങ്ങിന്റെ ഭാഗമായി ക്ഷേത്രത്തിലിരുന്ന് ശിവലിംഗങ്ങൾ നിർമ്മിക്കുകയായിരുന്ന കുട്ടികളുടെ മേൽ തൊട്ടടുത്ത വീടിന്റെ ഭിത്തി വീഴുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു.
പ്രദേശവാസികളുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടന്നെന്ന് പൊലീസ് അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. 10നും 15നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. അനുശോചനം അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചു.
സംഭവത്തിൽ മുഖ്യമന്ത്രി മോഹൻ യാദവ് ദുഃഖം രേഖപ്പെടുത്തി. ചികിത്സയിലുള്ളവർ ഉടൻ സുഖം പ്രാപിക്കട്ടെ എന്നും കുട്ടികളെ നഷ്ടപ്പെട്ട കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നതായും അറിയിച്ചു. ഓരോ കുടുംബത്തിനും 4 ലക്ഷം രൂപ വീതം നൽകും.
രണ്ടാമത്തെ സംഭവം
മദ്ധ്യപ്രദേശിൽ രണ്ട് ദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്. കഴിഞ്ഞ ദിവസം രേവ ജില്ലയിൽ മതിൽ ഇടിഞ്ഞുവീണ് നാലു കുട്ടികൾ മരിച്ചു. അഞ്ചും ഏഴും പ്രായമുള്ള കുട്ടികൾ സ്‌കൂളിൽ നിന്നു മടങ്ങുന്നതിനിടെ വീടിന്റെ മതിൽ തകരുകയായിരുന്നു. വീട്ടുടമസ്ഥനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മഴ ശക്തി പ്രാപിച്ച ശേഷം മതിൽ ഇടിഞ്ഞുവീഴുന്നത് പതിവാകുകയാണെന്ന് നാട്ടുകാർ പറയുന്നു. ഈ വർഷം ഇതുവരെ സംസ്ഥാനത്ത് മഴക്കെടുതിയിൽ 200 പേരാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |