ന്യൂഡൽഹി : നിതിൻ അഗർവാളിനെ ബി.എസ്.എഫ് മേധാവി സ്ഥാനത്തു നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീക്കിയതിനു പിന്നിൽ ജൂനിയർ ഓഫീസർമാരുമായുള്ള അഭിപ്രായവ്യത്യാസമെന്ന് റിപ്പോർട്ട്. 1989 ബാച്ച് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ നിതിൻ അഗർവാളിനെ കഴിഞ്ഞ വെള്ളിയാഴ്ച അതിർത്തി സേനയുടെ തലപ്പത്തു നിന്ന് ഒഴിവാക്കുകയായിരുന്നു. കേരള കേഡറിലേക്ക് മടങ്ങാനും നിർദ്ദേശിച്ചു. ഡെപ്യൂട്ടി സ്‌പെഷ്യൽ ഡയറക്‌ടർ ജനറൽ (വെസ്റ്റ്) വൈ.ബി. ഖുറാനിയയെ ഒഡിഷ കേഡറിലേക്കും മടക്കി.
കാര്യപ്രാപ്‌തിയില്ലായ്‌മയല്ല നിതിൻ അഗർവാളിന്റെ സ്ഥാനം തെറിച്ചതിനു പിന്നിലെന്നാണ് സൂചന. ചില ജൂനിയർ ഓഫീസർമാരുമായുള്ള രൂക്ഷമായ തർക്കം തീർക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അറിയുന്നു. തർക്കം തുടർന്നതോടെ അച്ചടക്കമില്ലായ്‌മ പൊറുപ്പിക്കാനാവില്ലെന്നനിലപാടിലാണ് കേന്ദ്രം നടപടിയെടുത്തത്.
ദൽജീത് സിംഗ് ചൗധരിക്ക് അധികചുമതല
സശസ്ത്ര സീമാബൽ (എസ്.എസ്.ബി) ഡയറക്‌ടർ ജനറൽ ദൽജീത് സിംഗ് ചൗധരിക്ക് ബി.എസ്.എഫ് മേധാവിയുടെ അധികചുമതല നൽകി. 1990 ബാച്ച് ഉത്തർപ്രദേശ് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. ഇൻഡോ - ടിബറ്റൻ ബോർഡർ പൊലീസ് (ഐ.ടി.ബി.പി) അഡീഷണൽ ഡയറക്‌ടർ ജനറലായും, സി.ആർ.പി.എഫിൽ സ്‌പെഷ്യൽ ഡയറക്‌ടർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |