ദുബായ്: രണ്ട് മാസത്തെ അവധിക്ക് ശേഷം യുഎഇയിലെ ചില സ്‌കൂളുകൾ ആഗസ്റ്റ് 26 തിങ്കളാഴ്ചയാണ് തുറക്കുക. വേനൽക്കാല അവധിക്ക് ശേഷമുള്ള ക്ലാസുകൾ പുനരാരംഭിക്കുന്ന ആദ്യ ആഴ്ചയിൽ, ചില സ്‌കൂളുകളിൽ സാധാരണയായി 15 മുതൽ 25 ശതമാനം വരെ ഹാജരാകാറില്ലെന്ന് മിക്ക സ്‌കൂളുകളിലെയും പ്രിൻസിപ്പൽമാർ പറയുന്നു. തിരക്കേറിയ യാത്രാ സീസണിൽ എത്തുന്ന പ്രവാസികൾ പലപ്പോഴും വിമാനക്കൂലി ലാഭിക്കാൻ ശ്രമിക്കാറുണ്ട്. ഈ സാഹചര്യത്താലാണ് സ്‌കൂളുകളിൽ വിദ്യാർത്ഥികൾ എത്തുന്നതിൽ കുറവ് വരുന്നത്.
യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് വേനലവധിക്ക് ശേഷം എത്തണമെങ്കിൽ വിമാനത്തിന് ഇരട്ടിയിൽ അധികം നിരക്ക് നൽകേണ്ടി വരും. അവധി കഴിഞ്ഞ് പ്രവാസികൾ തിരിച്ച് ജോലി സ്ഥലത്തേക്ക് വരുന്നത് കണക്കിലെടുത്താണ് വിമാനക്കമ്പനികൾ ചാർജ് ഒരു മയവുമില്ലാതെ വർദ്ധിപ്പിക്കുന്നത്. എന്നാൽ പല പ്രവാസികളും ടിക്കറ്റ് നിരക്കിൽ കുറവ് വരുത്താൻ സ്‌കൂൾ തുറന്ന് ദിവസങ്ങൾക്ക് ശേഷമാണ് യുഎഇയിൽ എത്തുന്നത്. ഇതാണ് ആദ്യ ആഴ്ചകളിൽ വിദ്യാർത്ഥികൾ സ്‌കൂളുകളിൽ എത്തുന്നതിൽ കുറവ് സംഭവിക്കുന്നതിന് പ്രധാന കാരണം.
സ്‌കൂൾ തുറക്കുന്നതിന്റെ ആദ്യ ആഴ്ചയിലെ ഉയർന്ന ഹാജർ നില ലഭിക്കാത്തത് യുഎഇയിലെ സ്ഥിരം കാഴ്ചയാണെന്ന് ഷൈനിംഗ് സ്റ്റാർ ഇന്റർനാഷണൽ സ്‌കൂൾ പ്രിൻസിപ്പൽ അബിലാഷ സിംഗ് പറഞ്ഞു. ഇന്ത്യൻ കരിക്കുലം പിന്തുടരുന്ന സ്‌കൂളുകളുടെ കാര്യമാണ് പറഞ്ഞുവരുന്നതെന്നും വിമാനത്തിന്റെ ഉയർന്ന നിരക്കാണ് ഇതിന് പ്രധാന കാരണമെന്നും അവർ കൂട്ടിച്ചേർത്തു.
'വിദ്യാർത്ഥികൾക്ക് നൽകിയ നിർദ്ദേശ പ്രകാരം, വേനലവധി കഴിഞ്ഞ സ്‌കൂൾ തുറക്കുന്ന ആദ്യത്തെ ദിവസം എല്ലാ വിദ്യാർത്ഥികളും ഹാജരാകണമെന്നാണ്. വിദ്യാർത്ഥികളുടെ പ്രകടനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ, സ്‌കൂളിലെ ഹാജർ മൂല്യത്തെക്കുറിച്ച് ഞങ്ങൾ എപ്പോഴും രക്ഷിതാക്കളെ ബോധവാന്മാരാക്കാറുണ്ട്. എന്നിരുന്നാലും, താഴ്ന്ന ഇടത്തരം വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള പ്രവാസി ജനസംഖ്യയിൽ ഉയർന്ന യാത്രാ ചെലവ് ലാഭിക്കാൻ മാതാപിതാക്കൾ ഈ പ്രവണത കാണിക്കുന്നു. സാധാരണയായി, ഓഗസ്റ്റിൽ സ്‌കൂളുകൾ വീണ്ടും തുറന്നതിന് ശേഷമുള്ള ആദ്യ ആഴ്ചയിൽ 75 ശതമാനം ഹാജർ മാത്രമാണ് ഉണ്ടാകാറുള്ളത്'- പ്രിൻസിപ്പൽ പറഞ്ഞു.
വിമാനനിരക്ക് 70 ശതമാനം വർദ്ധിച്ചു
എന്തുകൊണ്ടാണ് വേനലവധിക്ക് സ്‌കൂൾ തുറക്കുന്ന ദിവസം കുട്ടികൾ എത്താത്തതെന്ന ചോദ്യത്തിന് രക്ഷിതാക്കൾക്കും വ്യക്തമായ മറുപടിയുണ്ട്. വിമാനക്കൂലി ലാഭിക്കുന്നതിന് വേണ്ടിയാണ് തിരക്കുള്ള സമയത്തെ യാത്ര ഒഴിവാക്കുന്നതെന്ന് മലയാളിയായ ആമി റഷീദ് പറഞ്ഞു. 'ഓഗസ്റ്റ് അവസാനത്തോടെ അല്ലെങ്കിൽ സ്‌കൂൾ തുറന്ന് ഒരാഴ്ചയ്ക്കുള്ളിൽ മടങ്ങാനാണ് ഞങ്ങൾ പദ്ധതിയിടുന്നത്. ഭർത്താവിന് ജോലിക്ക് കയറേണ്ടതുകൊണ്ട് അദ്ദേഹം ഈ മാസം നാലിന് യാത്ര തിരിച്ചു. ഞാനും മക്കളും പിന്നീടാണ് യുഎഇയിലേക്ക് പോകുന്നത്. അദ്ദേഹം ദുബായിൽ തിരിച്ചെത്തിയാലുടൻ ഞങ്ങളുടെ ടിക്കറ്റുകൾ എടുക്കും'- ആമി റഷീദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |