കൊച്ചി: സർക്കാർ സംവിധാനങ്ങളും ഹൈക്കോടതിയും പലതവണ പറഞ്ഞിട്ടും കൊച്ചിയിലെ സ്വകാര്യ ബസുകളുടെ വാതിലുകൾ തുറന്നു തന്നെ. നഗരത്തിൽ ഓടുന്ന മിക്ക ബസുകളും വാതിലുകൾ തുറന്നു വെച്ചാണ് ഇപ്പോഴും സർവീസ് നടത്തുന്നത്. ഭൂരിഭാഗം ബസുകളും പഴയ വാതിലുകൾ മാറ്റി ന്യൂമാറ്റിക് ഡോർ ഘടിപ്പിച്ചെങ്കിലും ആ വാതിലും തുറന്നു തന്നെ. കോടതി വിമർശനങ്ങൾ ഉണ്ടാകുന്ന സമയത്ത് മോട്ടോർ വാഹന വകുപ്പും പൊലീസും ശക്തമായ പരിശോധനയുമായെത്തും. ഈ പരിശോധന സമയത്ത് ബസുകൾക്ക് പിഴയൊടുക്കേണ്ടി വരുന്നതിൽ ഏറിയപങ്കും തുറന്നു വച്ച വാതിലുകൾക്കാണ്.
തിരക്കേറിയ സമയങ്ങളിൽ വാതിലിൽ വരെ യാത്രക്കാരെ കുത്തിനിറച്ച് സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ ഇപ്പോഴും നഗരത്തിലെ സ്ഥിരം കാഴ്ചയാണ്. ക്ലാസുകൾ ഉള്ള ദിവസങ്ങളിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ വാതിലുകളിൽ തൂങ്ങി നിന്ന് യാത്ര ചെയ്യുന്നുണ്ട്. അതേസമയം, ന്യൂമാറ്റിക് ഡോറുകൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന സംഭവങ്ങളും ഉണ്ട്.
കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു സ്വകാര്യ ബസിന്റെ പിൻവാതിലിലൂടെ ഇറങ്ങുന്നതിന് ഡോറിന് സമീപത്ത് എത്തിയ യാത്രക്കാരൻ ഇറങ്ങുന്നതിനു മുൻപ് ഡ്രൈവർ ന്യൂമാറ്റിക് വാതിൽ അടച്ചു. ശക്തിയായി അടഞ്ഞ വാതിലിൽ തട്ടി യാത്രക്കാരൻ എം.ജി. റോഡിലേക്ക് തെറിച്ചു. ഭാഗ്യം കൊണ്ടാണ് അപകടമൊഴിവായത്.
മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ വാതിൽ തുറന്നിട്ട് സർവീസ് നടത്തിയതിന് ലൈസൻസ് സസ്‌പെൻഡ് ചെയ്യപ്പെട്ടത്.
വർഷം ലൈസൻസുകളുടെ എണ്ണം
2021 119
2022 127
2024 65 (ന്യൂമാറ്റിക് ഡോറുകൾ ഉൾപ്പെടെ)
*എറണാകുളം ജില്ലയിൽ ആകെ പെർമിറ്റ് ഉള്ള സ്വകാര്യ ബസുകൾ 1,200
*സിറ്റി സർവീസ് ബസുകൾ 700
*ഓടുന്ന സിറ്റി സർവീസ് ബസുകൾ 600
*ന്യൂമാറ്റിക് ഡോറുകൾ ഘടിപ്പിച്ചിട്ടുള്ളത് 90% ബസുകളിൽ
വാതിലുകൾ തുറന്നിട്ട് ബസ്സുകൾ ഓടിച്ചാൽ
*1,000 രൂപ പിഴ
*ഡ്രൈവറുടെയോ കണ്ടക്ടറുടെയോ ലൈസൻസ് സസ്‌പെൻഡ് ചെയ്യും.
*ബോധവത്കരണ ക്ലാസുകളിൽ പങ്കെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |