വയനാട്ടിലുണ്ടായ ഉരുൾപ്പൊട്ടൽ ഒരു നാടിനെ ആകെ തുടച്ചു നീക്കിയപ്പോൾ കണ്ണൂരിലെയും കാസർകോട്ടെയും മലയോര പ്രദേശങ്ങളിലുള്ളവരുടെയും നെഞ്ചിടിപ്പും ഇരട്ടിക്കുകയാണ്. ചൂരൽമലയും മുണ്ടക്കൈയുമെല്ലാം പോലെ കണ്ണിനും മനസിനും കുളിർമ നല്കുന്നതാണ് കണ്ണൂരിന്റെയും കാസർകോട്ടെയും മലയോര ഭംഗി. കേരളത്തിലെ തന്നെ മലയോര ഗ്രാമങ്ങളിൽ ഏറ്റവും മനോഹരമായ ഗ്രാമങ്ങളുടെ പട്ടികയിൽ ഇരു ജില്ലകൾക്കും സ്ഥാനമുണ്ട്. എന്നാൽ അതിശക്തമായ മഴയിൽ വിറങ്ങലിച്ചു കൊണ്ടിരിക്കുന്ന കണ്ണൂരിനും കാസർകോടിനും ഈ പ്രദേശങ്ങൾ വലിയ ഭീതിയുണ്ടാക്കുന്നുണ്ട്. അടുത്തിടെ രാത്രിയിലുണ്ടായ അതിശക്തമായ മഴയിലും കാറ്റിലും വൻനാശമാണ് ഇരു ജില്ലകളിലുമുണ്ടായത്. പെട്ടെന്നുണ്ടായ ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലിലും ആളുകൾ ഭയക്കുകയും പുഴകളിലെ ജലനിരപ്പും അപകട നിലയ്ക്ക് മുകളിലായിരുന്നു. ദേശീയപാതയിൽ കാസർകോട് ചെർക്കള മുതൽ ചട്ടഞ്ചാൽ വരെയുള്ള ഭാഗങ്ങളിൽ മണ്ണിടിച്ചൽ ഭീഷണിയെ തുടർന്ന് ഗതാഗതം നിരോധിക്കുകയും ചെയ്തു.
കനത്ത നാശം
കണ്ണൂരിലെ ഇരിട്ടി ,ആലോക്കോട്, പാനൂർ,കൊട്ടിയൂർ തുടങ്ങിയ മലയോര പ്രദേശങ്ങളെല്ലാം കാഴ്‌ചയിൽ മനോഹരമാണ്. എന്നാൽ കഴിഞ്ഞ കുറെ ദിവസങ്ങളിലായി പെയ്ത അതിശക്തമായ മഴ ഈ മലയോരങ്ങളിലുണ്ടാക്കിയ നാശങ്ങൾ ചെറുതല്ല. കോളയാട് ഗ്രാമപഞ്ചായത്തിലെ പെരുവ വാർഡിലുൾപ്പെടെ കൊളപ്പ, തെറ്റുമ്മൽ, ചെമ്പുക്കാവ്, പാലയത്തുവയൽ ,തുടങ്ങിയ മലയോര പ്രദേശങ്ങളിലാണ് ഉരുൾപ്പൊട്ടലും മണ്ണൊലിച്ചലും ഉണ്ടായത്. ഈ പ്രദേശങ്ങിലെ പാലങ്ങൾ ഒലിച്ചുപോയതും വീടുകൾ തകർന്നു വീണതും ജനജീവിതത്തെ ബാധിച്ചു. പ്രദേശത്തു നിന്നു ആളുകളെ ആദ്യം തന്നെ മാറ്റിപ്പാർപ്പിച്ചതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവാകുകയായിരുന്നു.
കോളയാട് ഗ്രാമപഞ്ചായത്തിലെ കൊളപ്പ മേഖയിലാണ് ഉരുൾപ്പൊട്ടലുണ്ടായത്. രാത്രി 12 മണിയോടെയാണ് കുന്നുവളപ്പ് തനിയാട്ട് മലയിൽ ഉരുൾപൊട്ടിയത്. കുത്തിയൊലിച്ച് വന്ന മലവെള്ളത്തിൽ കടപുഴകിയ വൻമരങ്ങളും വലിയ കല്ലുകളും ഒലിച്ചിറങ്ങി. പെരുവ പോസ്റ്റാഫീസിന് സമീപത്തെ പോത്തുണ്ടി പാലം ഒഴുകി പോയി. എന്നാൽ ജീവൻ തിരിച്ചുകിട്ടിയെങ്കിലും ഉള്ളതെല്ലാം നഷ്ടപ്പെട്ട സ്ഥിതിയിലായിരുന്നു പ്രദേശവാസികൾ. സമീപത്തെ കണ്ണവം പുഴയിൽ വെള്ളം കയറിയതിനെ തുടർന്ന് കണ്ണവം, ചുണ്ടയിൽ, കൈച്ചേരി നിവാസികളും ദുരിതത്തിലായി. പ്രദേശത്തെ അൻപതോളം വീടുകളിൽ വെള്ളം കയറി. രാത്രിയോടെ പലരും കനത്ത മഴയിൽ വീടുവിട്ടിറങ്ങി, കുട്ടികളെയും സ്ത്രീകളെയും മുതിർന്നവരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ഇതുകൂടാതെ കണ്ണവം ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിൽ മുങ്ങി പലവ്യഞ്ജനങ്ങൾ നശിച്ചു. രാവിലെയോടെ എത്തിയ ബംഗളൂർ, മാനന്തവാടി, ബസുകൾ നിറുത്തിയിട്ടു. കഴുത്തറ്റം വെളളത്തിലൂടെ തോണിയിറക്കിയാണ് ചുണ്ടയിൽ രക്ഷാപ്രവർത്തനം നടത്തിയത്. പലയിടങ്ങളിലും കോൺക്രീറ്റ് പാലമുൾപ്പെടെ ഒലിച്ച് പോയി. ഇത് രക്ഷാപ്രവർത്തനത്തെയും ബാധിച്ചു. ജില്ലയിൽ തുടർച്ചയായി പെയ്ത കനത്ത മഴയെ തുടർന്ന് കൂത്തുപറമ്പ് വട്ടിപ്രത്ത് ക്വാറികൾ ഇടിഞ്ഞു വീണതും ആശങ്കയുണ്ടാക്കി.നൂറു മീറ്ററോളം ഉയരത്തുനിന്നു മണ്ണും മരങ്ങളുമെല്ലാം ക്വാറിയിലേക്ക് പതിക്കുകയായിരുന്നു. ക്വാറി പരിസരത്ത് ആൾ താമസം കുറവായതിനാൽ അപകടങ്ങളുണ്ടായില്ല.
കണ്ണൂരിൽ റെക്കാഡ് മഴ
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം കഴിഞ്ഞ മാസം കണ്ണൂർ ജില്ലയിൽ ലഭിച്ചത് റെക്കാഡ് മഴയാണ്. 2009 ജൂലായ് മാസത്തിന് ശേഷം ലഭിക്കുന്ന ഏറ്റവും വലിയ മഴയാണിത്. ജൂലായ് ഒന്നുമുതൽ 31 വരെ ജില്ലയിൽ ലഭിച്ചത് 1419.3 മില്ലിമീറ്റർ മഴയാണ്. ആകെ ലഭിക്കേണ്ട മഴ 908.2 മി.മി ആണ്. 56 ശതമാനം അധികം മഴയാണ് ലഭിച്ചത്. മാഹിയിൽ 1256.4 മി.മി മഴ ലഭിച്ചു. ആകെ ലഭിക്കേണ്ട 838.9 മിമി മഴയേക്കാൾ 50 ശതമാനം കൂടുതൽ മഴയാണ് മാഹിയിൽ ലഭിച്ചത്. കാലവർഷ മഴ ഏറ്റവും കൂടുതൽ ലഭിച്ചതും ജില്ലയിലാണ്. ജൂൺ ഒന്നുമുതൽ ജൂലായ് 31 വരെ 2176. മി.മി മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം ജില്ലയിൽ രേഖപ്പെടുത്തിയത്. ആകെ ലഭിക്കേണ്ട മഴ 1787.3 മി.മി ആണ്. ഇതുപ്രകാരം 22 ശതമാനം അധികം മഴ ജില്ലയിൽ ലഭിച്ചു. മാഹിയിൽ 2047.8 മി.മി മഴ ലഭിച്ചു. ആകെ ലഭിക്കേണ്ട മഴയെക്കാൾ 24 ശതമാനം കൂടുതൽ മഴയാണിത്. ജില്ലയിലെ അയ്യങ്കുന്ന്, കൊട്ടിയൂർ, പയ്യാവൂർ, മാലൂർ, നെടുപൊയിൽ, പഴശി, മാങ്ങാട്ടുപറമ്പ്, ആറളം, തില്ലങ്കേരി, കണ്ണവം, തളിപ്പറമ്പ്, കണ്ണൂർ, കണ്ണൂർ വിമാനത്താവളം, ചെറുതാഴം, ആലക്കോട്, പിണറായി, വെള്ളച്ചാൽ, മുണ്ടേരി, തലശേരി, ചെമ്പേരി എന്നിവിടങ്ങളിൽ കഴിഞ്ഞ മാസം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചു.
ഭീതിപടർത്തി മിന്നൽച്ചുഴലി
കഴിഞ്ഞ ദിവസം അർദ്ധരാത്രിയ്ക്ക് ശേഷവും രാവിലെയുമായി ആഞ്ഞടിച്ച കാറ്റിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാപക നാശമാണുണ്ടായത്. അപ്രതീക്ഷിതമായുണ്ടായ മിന്നൽ ചുഴലിയിൽ മരങ്ങൾ കടപുഴകുകയും കെട്ടിടങ്ങൾക്കടക്കം വലിയ നാശനഷ്ടവുമുണ്ടായി. ഇരുജില്ലകളിലും മണിക്കൂറുകളോളം വൈദ്യുതിബന്ധം നിലച്ചു. ആഞ്ഞടിച്ച കാറ്റിൽ സർവത്ര നാശനഷ്ടം നേരിട്ടതിനെ തുടർന്ന് വൈദ്യുതിവകുപ്പ് ജീവനക്കാർക്കും ഫയർഫോഴ്സ്, പൊലീസ് സേനാംഗങ്ങൾക്കും വിശ്രമമില്ലാത്ത മണിക്കൂറുകളായിരുന്നു. റോഡിന് കുറുകെ മരങ്ങളും വൈദ്യുതി ലൈനുകളും പൊട്ടിവീണതിനെ തുടർന്ന് ദേശീയപാതയിലുൾപെടെ ഗതാഗത തടസം നേരിട്ടു. അപകടസാദ്ധ്യത ഇല്ലാതാക്കാൻ ഇരുജില്ലകളിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു.ദേശീയപാതയിലെ ഗതാഗതതടസത്തിൽ നിന്ന് രക്ഷപ്പെടാൻ ഇടറോഡുകളിലേക്ക് തിരിഞ്ഞ വാഹനങ്ങളിൽ പലതും മരങ്ങളും വൈദ്യുതിലൈനുകളും പൊട്ടിവീണ് കുടുങ്ങി. മിന്നൽച്ചുഴലിയിൽ വൈദ്യുതി വകുപ്പിന് കണ്ണൂർ ജില്ലയിൽ മാത്രം ആറ് കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ആശങ്കയാകുന്ന മലനിരകൾ
തുടർച്ചയായി പെയ്യുന്ന അതിതീവ്ര മഴയിൽ കാസർകോട് ജില്ലയിലെ മലനിരകൾ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീതിവിതയ്ക്കുകയാണ്. വെള്ളരിക്കുണ്ടിൽ ബളാൽ വില്ലേജിലെ പാലച്ചാൽ, കോട്ടക്കുന്ന്, മാലോത്ത് വില്ലേജിലെ മഞ്ചുച്ചാൽ, ചെത്തിപ്പുഴത്തറ്റ്, നമ്പ്യാർമല, കാട്ടാൻകവല, വെസ്റ്റ് എളേരി വില്ലേജിലെ മുത്തപ്പൻപാറ, കോട്ടമല, മുടന്തൻപാറ, ചിറ്റാരിക്കൽ വില്ലേജിലെ മണ്ഡപം, ഗോക്കടവ്, അർക്കത്തട്ട്, ബേളൂർ വില്ലേജിലെ നായ്കയം, നരയാർ, പടിമരുത്, കള്ളാർ വില്ലേജിലെ നീലിമല, പെരിങ്കയം, പനത്തടി വില്ലേജിലെ കമ്മാടി, കല്ലപ്പള്ളി, പുളിങ്കുച്ചി, റാണിപുരം, കടിക്കൽ, ഓട്ടമല, തുമ്പോഡി, പെരുത്തടി, തായന്നൂർ കുളിയാർ എന്നീ പ്രദേശങ്ങളെല്ലാം ഭീതിയുടെ നിഴലിലാണ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കള്ളാർ പഞ്ചായത്തിലെ മൂന്ന് കോളനികളിലെ ജനങ്ങളെ പൂർണ്ണമായും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. പനത്തടി ഗ്രാമപഞ്ചായത്തിലെ കല്ലപ്പള്ളി, കമ്മാടി ഗ്രാമങ്ങളിലെ നിരവധിപേരാണ് കുന്നിടിച്ചിൽ ഭീഷണിയിൽ കഴിയുന്നത്. കമ്മാടി പത്തുകുടി പട്ടിക വർഗ മേഖലയിലെ 13 കുടുംബങ്ങളിലെ 53 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |