SignIn
Kerala Kaumudi Online
Wednesday, 18 September 2024 12.59 PM IST

ഡാമുകളിൽ ജാഗ്രത ഇങ്ങനെ മതിയോ ?

Increase Font Size Decrease Font Size Print Page
dam

ഓരോ കാലവർഷമെത്തുമ്പോഴും ഡാമുകളിലെ ജലനിരപ്പുയരുന്നത് ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കാറുണ്ട്. ഈയാണ്ടിലും അത് തുടർന്നു. തൃശൂരിലെ പീച്ചി ഡാമിൽ ജലനിരപ്പുയർന്നതും പെട്ടെന്ന് അധികജലം പുറത്തേയ്ക്ക് ഒഴുക്കുകയും ചെയ്തതോടെ ആയിരക്കണക്കിന് വീടുകളാണ് വെള്ളത്തിൽ മുങ്ങിയത്. ലാനിനയ്‌ക്കൊപ്പം (സമുദ്രോപരിതലത്തിലെ താപനില പതിവിൽ നിന്ന് കുറയുന്ന പ്രതിഭാസം) ഇന്ത്യൻ ഓഷൻ ഡൈപോൾ പ്രതിഭാസവും ഈ മാസമുണ്ടായാൽ പീച്ചി അടക്കമുള്ള ഡാമുകൾ വീണ്ടും പ്രളയസമാനമായ സ്ഥിതി സൃഷ്ടിക്കുമെന്ന ആശങ്കയും ജനങ്ങൾക്കുണ്ട്. കഴിഞ്ഞ ആഴ്ച 24 മണിക്കൂറിനുള്ളിൽ ഏകദേശം ആറടിയോളം വെള്ളം നാല് ഷട്ടറുകളിലൂടെ തുറന്നുവിട്ടതോടെയാണ് പീച്ചിയുടെ പരിസരപ്രദേശങ്ങൾ പ്രളയസമാനമായത്.

2018ലെ വെള്ളപ്പൊക്കത്തേക്കാൾ ജലം ഉയർന്നതിന് കാരണം അശാസ്ത്രീയമായി ഡാം തുറന്നതാണെന്ന ആരോപണവും ശക്തമായി. പുത്തൂർ, നടത്തറ പഞ്ചായത്തുകളിൽ ഇനിയും വെളളപ്പൊക്കം ഉണ്ടാകാതിരിക്കണമെങ്കിൽ ജലവിതാന നിയന്ത്രണം കൂടുതൽ ശാസ്ത്രീയമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ജലനിയന്ത്രണം കൈകാര്യം ചെയ്യേണ്ട എക്‌സിക്യൂട്ടിവ് എൻജിനിയർ അടക്കമുള്ള തസ്തികകളിൽ താത്കാലിക ചുമതല നൽകി ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ സുപ്രധാന തസ്തികകളിൽ ഉദ്യോഗസ്ഥരില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും. അതുകൊണ്ടു തന്നെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരെ ഉടനെ നിയോഗിക്കണമെന്ന ആവശ്യവും ശക്തമാണ്.

പാളിച്ചകളേറെ...

ജില്ലാഭരണകൂടവും ജലവിഭവവകുപ്പും ചേർന്ന് എടുക്കേണ്ട തീരുമാനം പാളിയതാണ് അധികജലം തുറന്നുവിടുന്നതിലേക്ക് നയിച്ചത്. ഷട്ടർ ഉയർത്തി ഏതാനും ഇഞ്ച് വെള്ളം തുറന്നുവിടുമെന്നാണ് അറിയിച്ചിരുന്നത്. പിന്നീട് തിരുത്തി, വൈദ്യുതി ഉത്പാദനത്തിന് പരിമിതമായ അളവിൽ ജലം തുറന്നുവിടുമെന്നായി. അന്ന് കൂടുതൽ ജലം തുറന്നു വിട്ടിരുന്നുവെങ്കിൽ ജനങ്ങൾക്ക് ദുരിതവും കാർഷികവിളകൾക്ക് നാശവും ഉണ്ടാകുമായിരുന്നില്ല.

പീച്ചിയ്ക്ക് സമീപമുളള പുത്തൂർ, നടത്തറ പഞ്ചായത്തുകളിലെ തീവ്രവെള്ളപ്പൊക്കത്തിന് മറ്റ് രണ്ട് കാരണങ്ങൾ കൂടിയുണ്ട്. കൈനൂർ ചിറയുടെ അപാകതയാണ് അതിലൊന്ന്. വളരെക്കാലം മുമ്പ് നിർമ്മിച്ച കൈനൂർ ചിറയിൽ എത്തുന്ന വെള്ളം പുറത്തേക്കൊഴുക്കുന്നതിന് വളരെ ഇടുങ്ങിയ മാർഗങ്ങളാണുള്ളത്. മണലിപ്പുഴയുടെ വീതി കണക്കിലെടുത്ത് അത്രയും വീതിയിൽ വെള്ളത്തെ ക്രമീകരിക്കാവുന്ന വിധം കൈനൂർ ചിറ നവീകരിക്കണം. ഏഴാം ചിറയും ഏഴാലി തോടും ഉപയോഗശൂന്യമായതും പ്രശ്‌നമായി. നടത്തറ, പുത്തൂർ പഞ്ചായത്തുകളിലെ കുരുടൻ ചിറ മുതൽ പുത്തൂർ പാലത്തിന് സമീപം വരെ നീളുന്ന ഏഴാലിത്തോട് പലയിടത്തും നികത്തപ്പെട്ടു.

പൂർത്തിയാകാതെ നവീകരണം

തോടുകളുടെ നവീകരണം മഴക്കാലത്തിന് മുൻപ് തദ്ദേശസ്ഥാപനങ്ങൾക്ക് നടപ്പാക്കാനാവുന്നില്ല എന്നതാണ് പ്രധാനപ്രശ്നം. പീച്ചിക്ക് സമീപമുളള ഏഴാലി തോടിന് ചുറ്റും ഭിത്തികൾ കെട്ടി സംരക്ഷിക്കാൻ പോലും കഴിഞ്ഞില്ല. കുരുടൻചിറ മുതൽ പുത്തൂർ പുഴ വരെ അധികജലം എത്തിക്കാനായില്ല. കൈനൂർ ചിറ നവീകരിച്ചിരുന്നെങ്കിൽ ഇരവിമംഗലം, മൂർക്കനിക്കര മുങ്ങില്ലായിരുന്നു. പുത്തൂർ , കൈനൂർ , നടത്തറ, മരത്താക്കര, നെന്മണിക്കരയും സുരക്ഷിതമാകുമായിരുന്നു. കൈനൂർ ചിറയും ഏഴാലി തോടും അടിയന്തരമായി നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് മന്ത്രിക്കും കളക്ടർക്കും നിവേദനം നൽകിയിട്ടുണ്ടെന്ന് പൊതുപ്രവർത്തകനും സർവോദയ ദർശൻ ചെയർമാനുമായ എം. പീതാംബരൻ പറയുന്നു.

പീച്ചി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതോടെ ശക്തമായ വെള്ളപ്പാച്ചിലിൽ കേരള വാട്ടർ അതോറിറ്റിയുടെ പമ്പിംഗ് ലൈൻ പോലും തകർന്നു. പാണഞ്ചേരി പഞ്ചായത്തിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകിയിരുന്നു. കൈനൂർ, പുഴമ്പള്ളം പ്രദേശങ്ങളും വെള്ളത്തിലായി. കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് ജനങ്ങളെ മാറ്റി.

ആറ് ഡാമുകൾ തുറന്നപ്പോൾ

രണ്ടുദിവസമായി തോരാതെ പെയ്ത മഴയ്ക്കു പിന്നാലെയാണ് കഴിഞ്ഞയാഴ്ച തൃശൂരിലെ ആറ് ഡാമുകൾ ഒറ്റയടിക്ക് തുറന്നത്. അങ്ങനെയാണ് തൃശൂർ നഗരവും ഗ്രാമപ്രദേശങ്ങളും മുങ്ങിയത്.

നിരവധി വീടുകളും റോഡുകളും വെളളത്തിനടിയിലായി. പീച്ചി, വാഴാനി, പെരിങ്ങൽക്കുത്ത്, പൂമല, അസുരൻകുണ്ട്, പത്താഴക്കുണ്ട് ഡാമുകളിൽ നിന്നാണ് കൂടുതൽ അളവിൽ വെള്ളം പുറത്തേക്കു ഒഴുക്കിയത്. പീച്ചി ഡാമിന്റെ 4 സ്പിൽവേ ഷട്ടറുകൾ 145 സെന്റീമീറ്റർ വീതം തുറന്നിരുന്നു. മഴ തീവ്രമായതിനെത്തുടർന്ന് ഘട്ടം ഘട്ടമായി ഷട്ടറുകൾ ഉയർത്തി. വാഴാനി ഡാമിന്റെ നാലു ഷട്ടറുകൾ 70 സെന്റീമീറ്റർ വീതം തുറന്നതോടെ പരിസരപ്രദേശങ്ങളിൽ പ്രളയസമാനമായ സാഹചര്യമുണ്ടായി. പൂമല ഡാമിന്റെ നാല് ഷട്ടറുകൾ 15 സെന്റീമീറ്റർ വീതവും പത്താഴക്കുണ്ട് ഡാമിന്റെ നാലു ഷട്ടറുകൾ 6 സെന്റീമീറ്റർ വീതവും തുറന്നിരുന്നു. പെരിങ്ങൽക്കുത്ത് ഡാമിന്റെ 7 ഷട്ടറുകളും ഒരു സ്ലൂയിസ് ഗേറ്റും തുറന്നതിന് പിന്നാലെ തുണക്കടവ് ഡാം തുറന്ന് വെള്ളം പെരിങ്ങൽക്കുത്തിലേക്കു ഒഴുക്കി. തമിഴ്‌നാട് ഷോളയാർ ഡാം തുറന്ന് വെള്ളം കേരള ഷോളയാറിലേക്ക് ഒഴുക്കിയിരുന്നു. കാലവർഷം തുടക്കത്തിലേ ശക്തമായിരുന്ന സാഹചര്യത്തിൽ ഘട്ടം ഘട്ടമായി മുൻപ് തന്നെ ഡാമുകളിൽ നിന്ന് വെളളം ഒഴുക്കിവിട്ടിരുന്നെങ്കിൽ വെളളപ്പൊക്കത്തിന്റെ തീവ്രത കുറയ്ക്കാമായിരുന്നുവെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

മഴയിൽ മുങ്ങി നഗരം

കനത്തമഴയിൽ നഗരത്തിൽ സ്വരാജ്‌ റൗണ്ടിൽ അടക്കം വെള്ളക്കെട്ട് ശക്തമായിരുന്നു. വെള്ളം നഗരത്തിലേക്ക് ഒഴുകിയെത്തിയത് കുറച്ചുനേരം വാഹനഗതാഗതവും തടസപ്പെടുത്തി. ചെമ്പൂക്കാവ്, പെരിങ്ങാവ്, ചേറൂർ, വിയ്യൂർ, പൂങ്കുന്നം, പുഴയ്ക്കൽ, അയ്യന്തോൾ, അരണാട്ടുകര എന്നിവിടങ്ങളിലൊക്കെ റോഡുകൾ കവിഞ്ഞ് വെള്ളം ഒഴുകി. വിയ്യൂർ പാലത്തിനു താഴെവരെ തോട്ടിൽ നിന്നു വെള്ളം ഒഴുകിയെത്തി.

കനത്ത മഴയിൽ വൈദ്യുതിബോർഡിന്റെ അണക്കെട്ടുകളെല്ലാം ജലസമൃദ്ധിയിലാണ്. കേരളത്തിലെ 16 അണക്കെട്ടുകളിലായി സംഭരണശേഷിയുടെ 64 ശതമാനം വെള്ളം എത്തിക്കഴിഞ്ഞു. അണക്കെട്ടുകളിൽ വെള്ളം നിറഞ്ഞതോടെ ജലവൈദ്യുതി ഉത്പാദനം കൂട്ടി. അണക്കെട്ടുകൾ അതിവേഗം നിറയുന്നത് നിയന്ത്രിക്കാനാണിത്. അത് മാത്രം പോരാ. വിദഗ്ധരുടെ സംഘം ഡാമുകളുടെ ജലവിതാനനിയന്ത്രണത്തിൽ അടിയന്തരമായി ഇടപെട്ടേ പറ്റൂ. ഇല്ലെങ്കിൽ മനുഷ്യനിർമ്മിത പ്രളയങ്ങൾ ഇനിയും തുടരും....

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.