ലണ്ടൻ: ഇംഗ്ലീഷ് ഇതിഹാസ ക്രിക്കറ്റർ ഗ്രഹാം തോർപ്പ് അന്തരിച്ചു. 55 വയസായിരുന്നു. 2022 മുതൽ അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഇംഗ്ലണ്ട് ആൻഡ് വേൽസ് ക്രിക്കറ്റ് ബോർഡാണ് തോർപ്പിന്റെ വിയോഗം ഔദ്യോഗികമായി അറിയിച്ചത്. ഇടംകൈയൻ ബാറ്ററും വലങ്കൈയൻ ബൗളറുമായിരുന്ന തോർപ്പ് പന്ത്രണ്ട് വർഷം നീണ്ട അന്താരാഷ്ട്ര കരിയറിൽ ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകളും 82 ഏകദിനങ്ങളിലും കളിച്ചു. ആഭ്യന്തരതലത്തിൽ സറെയ്ക്കായി മികച്ച പ്രകടനം നടത്തിയ ഇദ്ദേഹം 341 ഫസ്റ്റ് ക്സാസ്, 354 ലിസ്റ്റ് എ, 5 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കോച്ചും താത്‌കാലിക മുഖ്യ കോച്ചുമായിട്ടുണ്ട്. 2022ൽ അഫ്‌ഗാനിസ്ഥാന്റെ പ്രധാന പരിശീലകനായി തോർപ്പിനെ നിയമിച്ചെങ്കിലും ചുതലയേറ്റെടുക്കുന്നതിന് മുമ്പ് അസുഖ ബാധിതനാവുകയായിരുന്നു.
1993 മേയ് 19ന് ഓസ്ട്രേലിയക്കെതിരെ മാഞ്ചസ്റ്ററിൽ നടന്ന ഏകദിനത്തിലാണ് ഇംഗ്ലീഷ് ജേഴ്സിയിൽ തോർപ്പിന്റെ അരങ്ങേറ്റം. ആ വർഷം ജൂലായിൽ ഓസ്ട്രേലിയക്കെതിരെ തന്നെ ടെസ്റ്റിലും അരങ്ങേറി.അരങ്ങേറ്റ ടെസ്റ്റിൽ രണ്ടാം ഇന്നിംഗ്സിൽ സെഞ്ച്വറി (പുറത്താകാതെ 114) നേടി. 2002ൽ ന്യൂസിലൻഡിനെതിരെ പുറത്താകാതെ നേടിയ 200 റൺസാണ് ടെസ്റ്റിലെ ഏറ്റവും മികച്ച പ്രകടനം. ടെസ്റ്റിൽ 44.66 ശരാശരിയിൽ 16 സെഞ്ച്വറി ഉൾപ്പെടെ 6744 റൺസ് നേടി. ഏകദിനത്തിൽ 37.18 ശരാശരിയിൽ 2380 റൺസ് നേടി. 2005 ൽ ബംഗ്ലാദേശിനെതിരെ 100-ാം ടെസ്റ്റ് കളിച്ച് വിരമിച്ചു.
ഏകദിനത്തിൽ ഒരു സെഞ്ച്വറി പോലുമില്ലാതെ ഏറ്റവും കൂടുതൽ റൺസ് നേടിയവരിൽ പത്താമനാണ്. രണ്ടാം ഭാര്യ അമാൻഡയ്ക്കൊപ്പം സറേയിലായിരുന്നു തോർപ്പിന്റെ താമസം. ഹെൻറി, അമേലിയ,എമ്മ എന്നിവരാണ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |