തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് സംസ്ഥാനം സമഗ്ര പാക്കേജ് തയ്യാറാക്കണമെന്നും ദുരന്തത്തെ എൽ-3 (ലെവൽ-3) പട്ടികയിലുൾപ്പെടുത്തി പരമാവധി സഹായം കേന്ദ്രം നൽകണമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.
പുനരധിവാസം വേണ്ടിവരുന്ന 450 കുടുംബങ്ങളെയും പ്രത്യേകമായി പരിഗണിക്കണം.
ഓരോ കുടുംബവും വാടക വീട്ടിലേക്ക് മാറുമ്പോൾ എല്ലാ സഹായവും നൽകണം. സർക്കാർ ആവശ്യപ്പെട്ടാൽ ഇത് നൽകാൻ യു.ഡി.എഫ് തയാറാണ്. കുറെ ആളുകൾക്ക് സർക്കാർ തൊഴിൽ നൽകേണ്ടിവരും. ചിലർക്ക് സ്വയംതൊഴിൽ കണ്ടെത്തി നൽകണം. വീണ്ടും കൃഷി ചെയ്യാനുള്ള സാഹചര്യം ഒരുക്കണം.
രാഹുൽ ഗാന്ധി പ്രഖ്യാപിച്ച 100 വീടുകൾക്കൊപ്പം കുട്ടികൾക്ക് കളിക്കാനുള്ള ഗ്രൗണ്ടും സ്‌കൂളും അങ്കണവാടിയും ഉൾപ്പെടെ നിർമ്മിക്കുകയാണ് ലക്ഷ്യം. സർക്കാരുമായി ആലോചിച്ച് മാതൃകാ പദ്ധതി നടപ്പാക്കും. സർക്കാരിന്റെ ക്രിയാത്മക നടപടികൾക്ക് കലവറയില്ലാത്ത പിന്തുണ നൽകുമെന്നും മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് ഉരുൾപൊട്ടാൻ സാധ്യതയുള്ള സ്ഥലങ്ങൾ മാപ്പ് ചെയ്യണം. ഡിസാസ്റ്റർ മാനേജ്മെന്റ്, ജിയോളജി കാലാവസ്ഥാ വകുപ്പുകൾ ഉൾപ്പെടെ സഹകരിച്ച് എ.ഐ സഹായത്തോട് കൂടിയുള്ള മുന്നറിയിപ്പ് സംവിധാനം കേരളം മുഴുവൻ സ്ഥാപിക്കണം. നയരൂപീകരണം കാലാവസ്ഥാ മാറ്റത്തിന് അനുസൃതമായിരിക്കണം. ഇതൊക്കെകൊണ്ടാണ് 300 കിലോ മീറ്റർ ദൂരം 30 അടി ഉയരത്തിൽ എംബാങ്ക്‌മെന്റ് കെട്ടിയുള്ള കെ-റെയിലിനെ യു.ഡി.എഫ് എതിർത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |