ന്യൂഡൽഹി: വഖഫ് ബോർഡിന് കീഴിലുള്ള സ്വത്തുക്കളുടെ നിയന്ത്രണം സർക്കാരിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ട് പാർലമെന്റിൽ ബിൽ അവതരിപ്പിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. സമൂഹത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കാനാണ് ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ ആഗ്രഹിക്കുന്നതെന്നും നിയമനിർമ്മാണത്തെ ശക്തമായി എതിർക്കുമെന്നും പ്രതിപക്ഷ നേതാക്കൾ വ്യക്തമാക്കി.
1995ലെ വഖഫ് നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലിൽ രാജ്യത്തെ 30 വഖഫ് ബോർഡുകൾക്ക് കീഴിലുള്ള സ്വത്തുക്കൾ ജില്ലാ കളക്‌ടർമാരിൽ രജിസ്റ്റർ ചെയ്യാൻ വ്യവസ്ഥയുണ്ട്. വഖഫ് ബോർഡിൽ സ്‌ത്രീ പങ്കാളിത്തം ഉറപ്പാക്കാനും ബിൽ ലക്ഷ്യമിടുന്നു. ബിൽ വഖഫ് ബോർഡുകളുടെ പ്രവർത്തനത്തിൽ സുതാര്യതയും ഉറപ്പുവരുത്തുമെന്നും മുസ്ലീം സമുദായത്തിനുള്ളിൽ നിന്നുള്ള ആവശ്യമാണ് നടപ്പാക്കുന്നതെന്നും സർക്കാർ വിശദീകരിക്കുന്നു.
വഖഫ് ബോർഡുകളുടെ അധികാരം കവരുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുസ്ളീം ലീഗ് നേതാക്കളായ ഇ.ടി. മുഹമ്മദ് ബഷീർ, അബ്‌ദുൾ സമദാനി, നവാസ് ഗനി എന്നിവർ പറഞ്ഞു.
കോടിക്കണക്കിന് രൂപയുടെ വഖഫ് സ്വത്തുക്കൾ നിലവിൽ ആർക്കും സ്വതന്ത്രമായി കൈകാര്യം ചെയ്യാൻ അവകാശമില്ല. അതു മറികടന്ന്
വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന ഭരണ സംവിധാനത്തിലും നേതൃത്വ പദവിയിലും ഇഷ്ടക്കാരെ തിരുകി കയറ്റാനാണ് ബി.ജെ.പി നീക്കം.
ഇന്ത്യയിലെ മതേതര ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാനശിലയെ പുച്ഛിക്കുന്ന നടപടിയാണിത്. ആവശ്യമെങ്കിൽ മുസ്ളീം ലീഗ് നിയമ പോരാട്ടത്തിന് നേതൃത്വം നൽകുമെന്നും നേതാക്കൾ അറിയിച്ചു.
സർക്കാർ നീക്കത്തെ എതിർക്കുമെന്ന് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്, ശിവസേന (ഉദ്ധവ്) നേതാവ് പ്രിയങ്ക ചതുർവേദി, സി.പി.എം നേതാവ് അമ്ര റാം എന്നിവരും വ്യക്തമാക്കി.
വഖഫ് നിയമത്തിലെ പോരായ്മകൾ നീക്കലാണ് ബില്ലിന്റെ ലക്ഷ്യമെന്ന് ബി.ജെ.പി എംപി ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു. മുസ്ലീം സമുദായത്തിൽ ശക്തരായവർ സ്വത്തുക്കൾ ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |