തിരുവനന്തപുരം: മഹായോഗികളുടെ സമാധിയിൽ നമസ്‌കരിച്ച് പ്രാർത്ഥിക്കുന്നത് ആയിരം ക്ഷേത്രദർശനത്തിന് തുല്യമെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. തൈക്കാട് അയ്യാഗുരു സമാധി ക്ഷേത്രത്തിൽ ഗുരുപൂജ മഹോത്സവത്തോടനുബന്ധിച്ച് നടന്ന അയ്യാഗുരു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദിദ്രാവിഡമായ സിദ്ധാന്ത മാർഗത്തിന്റെയും വ്യാസനും വസിഷ്ഠനുമെല്ലാം പിൻതുടർന്ന വേദാന്ത മാർഗത്തിന്റെയും സമന്വയമായിരുന്നു തൈക്കാട് അയ്യാഗുരു. പൂർണതയെ പ്രാപിച്ച മഹാഗുരുവായിരുന്ന അദ്ദേഹം. ഇത്രയധികം വൈജാത്യമുള്ള ശിഷ്യന്മാരുണ്ടായിരുന്ന യോഗികൾ വിരളമാണ്. അദ്ദേഹം ഭേദവ്യത്യാസമില്ലാതെ എല്ലാവരെയും ഉൾക്കൊണ്ട് ജീവിച്ചു. വേദാന്തത്തിന്റെ പരമകാഷ്ഠയിൽ എത്തിയതു കൊണ്ടാണ് അയ്യാഗുരുവിന് ഇത് സാധിച്ചത്. ഗുരുദേവനിലൂടെയും ചട്ടമ്പി സ്വാമികളിലൂടെയും മറ്റനേകം ശിഷ്യപരമ്പരയിലൂടെയും തൈക്കാട് അയ്യാവിന്റെ പാരമ്പര്യം ഇന്നും തുടരുന്നു.
ഒരു ചിത്രാപൗർണമി തലേന്നാണ് നാണുവാശാനെന്നറിയപ്പെട്ടിരുന്ന ശ്രീനാരായണ ഗുരുവിനെ കുഞ്ഞൻപിള്ള ചട്ടമ്പിയെന്ന ചട്ടമ്പിസ്വാമികൾ അയ്യാവിന്റെ അടുക്കലെത്തിച്ചത്. തൊട്ടടുത്ത ദിവസം ചിത്രാപൗർണമിയിൽ യോഗോപദേശം നൽകി. രണ്ടു വർഷത്തെ പരിശീലനത്തിന് ശേഷം ശ്രീനാരായണഗുരുദേവനെ മരുത്വാമലയിലേക്ക് തപസനുഷ്ഠിക്കാൻ അയക്കുകയായിരുന്നു.ആശ്രമങ്ങളിലുണ്ടാകേണ്ടത് സദ്സംഗമാണ്. സജ്ജനങ്ങളുടെ സംഗമമാണത്. സത്തായ മാർഗത്തിൽ സഞ്ചരിക്കുന്നവരാണ് സജ്ജനങ്ങൾ. സത്തെന്നാൽ പരബ്രഹ്മമാണെന്നും അതിന് ത്രികാലങ്ങളിലും മാറ്റമുണ്ടാകില്ലെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
അരുവിപ്പുറം മഠാധിപതി സ്വാമി സാന്ദ്രാനന്ദ, പന്മന ആശ്രമം പ്രതിനിധി ശംഭു വി കുമ്പളത്ത്, കുളത്തൂർ സ്വയംപ്രകാശ ആശ്രമം സെക്രട്ടറി പി.ജ്യോതീന്ദ്രകുമാർ, അയ്യാഗുരു കുടുംബ പ്രതിനിധി കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. ശ്രീ അയ്യാമിഷൻ ചെയർമാൻ ഡോ.ജി.രവികുമാർ അധ്യക്ഷത വഹിച്ചു. മഹാസമാധി ക്ഷേത്രത്തിലെ ഗുരുപൂജ മഹോത്സവം ഇന്ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |