ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ കണ്ടെത്തിയ മൃതദേഹം മണ്ണിടിച്ചിലിൽ കാണാതായ അർജുന്റേതാണോ എന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. നേരത്തെ അർജുന്റെ സഹോദരന്റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ മൃതദേഹം സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഡിഎൻഎ പരിശോധനയിലേക്ക് കടക്കും. അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സ്ഥലത്ത് പൊലീസ് എത്തിയതിന് ശേഷമാകും പരിശോധന നടത്തുകയുള്ളൂ.
ഒറ്റക്കാഴ്ചയിൽ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാനാവാത്ത അവസ്ഥയിലാണ്. കാലിൽ വല കുടുങ്ങിയിട്ടുണ്ട്. കയ്യിൽ ഒരു വളയുണ്ടെന്ന് ഈശ്വർ മൽപ്പ അറിയിച്ചു. മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കാൻ പോയ ബോട്ടിലേക്ക് മൃതദേഹം മാറ്റിയിട്ടുണ്ടെന്നാണ് വിവരം. സ്ഥലത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളി ഒഡിഷ സ്വദേശിയാണ്. അർജുന്റെ മൃതദേഹമാകാൻ സാദ്ധ്യത വളരെ കുറവാണ്. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മാത്രമേ ആരുടേതാണെന്ന് വ്യക്തമാവുകയുള്ളൂ.
കരയിൽ നിന്ന് 25 കിലോ മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടേക്ക് പോകാൻ ഒന്നര മണിക്കൂർ സമയമെടുക്കുമെന്നാണ് ഈശ്വർ മൽപ്പ അറിയിച്ചത്. മറ്റൊരു ബോട്ടിൽ ഇദ്ദേഹം അങ്ങോട്ടേക്ക് തിരിച്ചേക്കും. മത്സ്യത്തൊഴിലാളികളെ കരയിൽ എത്തിക്കുന്ന കാര്യത്തിൽ പൊലീസുമായി ചേർന്ന് തീരുമാനമെടുക്കും.
അതേസമയം, മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഷിരൂർ മേഖലയിൽ നടന്നിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് തെരച്ചിൽ നിർത്തിവച്ചത്. അടിയൊഴുക്ക് ശക്തമായ ഗംഗാവലി പുഴയിലേക്ക് ഒരാൾക്ക് ഇറങ്ങി പരിശോധിക്കാനുള്ള സാഹചര്യം ഇല്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. സ്വമേധയ പുഴയിൽ ഇറങ്ങാൻ തയ്യാറാണെന്ന് മത്സ്യത്തൊഴിലാളികളായ ഈശ്വർ മൽപ്പ അറിയിച്ചെങ്കിലും ജില്ലാ ഭരണകൂടം അനുമതി നിഷേധിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |