തിരുവനന്തപുരത്ത് നാലുപേർക്കുകൂടി മസ്‌തിഷ്കജ്വരം സ്ഥിരീകരിച്ചതോടെ പൊതുവെ ആശങ്ക വർദ്ധിച്ചിരിക്കുകയാണ്. ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി മുൻകരുതലുകൾ എടക്കുന്നുണ്ടെങ്കിലും നഗരവാസികളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ജലാശയങ്ങളുമായി ബന്ധപ്പെടുന്നവർക്ക് അപൂർവമായുണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്‌തിഷ്‌കജ്വരം. അമീബിയ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗമുണ്ടാകുന്നത്. രോഗം ബാധിച്ച ഉടനെ ചികിത്സ തുടങ്ങിയില്ലെങ്കിൽ മരണത്തിനിടയാക്കുന്ന രോഗമാണിത്. മരണ നിരക്ക് ഏതാണ്ട് 97 ശതമാനത്തിലധികമാണ്. മസ്‌തിഷ്‌കജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഞ്ചു പേർ ചികിത്സയിലുണ്ട്. ഇതിൽ പേരൂർക്കട സ്വദേശിയുടെ നില ഗുരുതരമാണ്. ഇയാൾക്ക് രോഗം ബാധിച്ചത് എങ്ങനെയാണെന്ന് കണ്ടെത്താനായിട്ടില്ല.
മരണമടഞ്ഞ അതിയന്നൂർ സ്വദേശി അഖിലിന് രോഗം ബാധിച്ചത് കുളത്തിൽ കുളിച്ചതിനെത്തുടർന്നാണെന്നാണ് സംശയിച്ചിരുന്നത്. അതിനാൽ പഞ്ചായത്ത് അധികൃതർ കുളം വല കെട്ടി അടയ്ക്കുകയും വെള്ളം പബ്ളിക് ഹെൽത്ത് ലാബിലേക്ക് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഫലം നെഗറ്റീവ് ആയതിനാൽ കുളത്തിൽ നിന്ന് രോഗം ബാധിച്ചതായി കണക്കാക്കാൻ കഴിയില്ല. മറ്റ് എവിടെ നിന്നാണ് രോഗം പിടിപെട്ടത് എന്നതിനെക്കുറിച്ച് അന്വേഷണം തുടരുകയാണ്. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തിൽ കലങ്ങി മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയാണ് സാധാരണ ചെയ്യുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ അളവ് വേനൽക്കാലത്ത് കുറയുക കൂടി ചെയ്യുമ്പോഴാണ് അമീബയുടെ സാന്നിദ്ധ്യം കൂടുന്നത്.
പഴയകാലത്ത് ഗ്രാമങ്ങളിൽ ഇടത്തരം വീടുകളിൽപ്പോലും കുളങ്ങളുണ്ടായിരുന്നു. ഇത് വീട്ടുകാർ ഒന്നും രണ്ടും വർഷം കൂടുമ്പോൾ ഇറയ്ക്കുകയും ചെളികോരി വൃത്തിയാക്കുകയും ചെയ്യുമായിരുന്നു. അത്തരം കുളങ്ങൾ തന്നെ ഇപ്പോൾ അപ്രത്യക്ഷമായി. ശേഷിക്കുന്ന കുളങ്ങൾ ആരാധനാലയങ്ങളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും മറ്റും സ്ഥലങ്ങളിലുള്ളവയാണ്. ഇത് വൃത്തിയാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് ഉള്ളതാണ്. ഇതു വിനിയോഗിച്ച് കൃത്യമായ ഇടവേളകളിൽ കുളങ്ങൾ വൃത്തിയാക്കേണ്ടത് ആവശ്യമാണെന്ന് ബോദ്ധ്യമാവുന്ന സന്ദർഭങ്ങളാണിത്. പ്രധാനമായും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാനാണ് ജനങ്ങൾ ശ്രദ്ധിക്കേണ്ടത്. കെട്ടിക്കിടക്കുന്ന ജലാശയങ്ങളിൽ കുളിക്കുന്നത് കുട്ടികളും മുതിർന്നവരും ഒരുപോലെ ഒഴിവാക്കണം. പായൽ പിടിച്ചതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ കുളങ്ങളിലെ വെള്ളം ഉപയോഗിക്കുന്നവർ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജില്ലയിൽ മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ സർക്കാർ ആശുപത്രികളിലും മരുന്നിന്റെ ലഭ്യത ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് നടപടി എടുക്കേണ്ടതാണ്. കുട്ടികളെ സ്‌കൂളിൽ നിന്നും മറ്റും കൂട്ടത്തോടെ വാട്ടർ തീം പാർക്കുകളിലും മറ്റും കൊണ്ടുപോകുന്നത് എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ചതിനു ശേഷമാകണം. സ്വിമ്മിംഗ് പൂൾ സ്ഥിരമായി ഉപയോഗിക്കുന്നവരും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കടുത്ത തലവേദനയാണ് രോഗലക്ഷണങ്ങളിൽ മുഖ്യം. രോഗാണുബാധയുണ്ടായാൽ ഒന്നു മുതൽ ഒൻപതു ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. രോഗലക്ഷണം കണ്ടാൽ ഉടൻതന്നെ ചികിത്സ തേടുകയാണെങ്കിൽ മാത്രമേ പ്രതിരോധം സാദ്ധ്യമാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |