പ്രകൃതിയുടെ സംഹാര താണ്ഡവത്തിൽ തുടച്ചു നീക്കപ്പെട്ട ഒരു നാട്. കുടുംബവും വീടും സകല സമ്പാദ്യങ്ങളും നഷ്ടമായി ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ വിറങ്ങലിച്ച വിലാപങ്ങൾ. പുതുജീവിതത്തിന്റെ പച്ചപ്പിലേക്ക് ആ നാടിനെയും അവശേഷിച്ച മനുഷ്യ ജീവനുകളെയും തിരികെയെത്തിക്കാനുള്ള വലിയ പരിശ്രമത്തിൽ എല്ലാ ഭേദചിന്തകളും മാറ്റിവച്ച് ഏക മനസോടെ കൈകോർക്കുകയാണ് നന്മയുടെയും മനുഷ്യസ്നേഹത്തിന്റെയും ഉറവകൾ വറ്റാത്ത കേരള മനസുകൾ.
കേരളത്തെ വിഴുങ്ങിയ രണ്ട് മഹാപ്രളയങ്ങളുടെ ഭീതിദമായ ഓർമ്മകൾ മായും മുമ്പ്, നാടിനായി വീണ്ടുമൊരു ഒത്തുചേരൽ. തോടുകളെ വൻ നദിയാക്കിയുള്ള മലവെള്ളപ്പാച്ചിലിൽ ഒഴുകിനടന്ന മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും. കാടുകളിലും മേടുകളിലും കുടങ്ങിപ്പോയ മനുഷ്യരെ കണ്ടെത്തി രക്ഷപ്പെടുത്താൻ ജീവൻ പണയം വച്ചുള്ള രക്ഷാപ്രവർത്തനം. ഒപ്പം, ജീവന്റെ തുടിപ്പുകൾക്കും ജീവശ്വാസത്തിന്റെ നേർത്തൊരു ഞരക്കത്തിനും പോലും പ്രതീക്ഷയോടെ കാതോർക്കൽ. ഒന്നിച്ചു കൈകോർത്ത് സൈന്യവും പൊലീസും ഫയർഫോഴ്സും സന്നദ്ധ സേവകരും.
ഉരുൾപൊട്ടലിൽ ഒലിച്ചുപോയ പാലത്തിനു പകരം കനത്ത മഴയെയും പുഴയിലെ കുത്തൊഴുക്കിനെയും അതിജീവിച്ച്, ഒരു രാവും പകലും കൊണ്ടൊരു മനുഷ്യ മഹായപ്രയത്നം- ബെയ്ലി പാലം അഥവാ പട്ടാളപ്പാലം. ചൂരൽമലയിലെ പാലം തകർന്നതോടെ മുണ്ടക്കൈ ഒറ്റപ്പെട്ടത് രക്ഷാപ്രവർത്തനങ്ങളെ ബാധിച്ചപ്പോഴായിരുന്നു സൈന്യം നദിക്കു കുറുകെ 190 അടി നീളത്തിലുള്ള പാലം നാട്ടുകാരുടെ കൂടി സഹായത്തോടെ പണിതത്. പൂർത്തിയായ പാലം 'ഭാരത് മാതാ കീ ജയ്" 'വിളികളോടെ തുറന്നു നൽകിയ സൈനികരെയും സന്നദ്ധ സേവകരെയും നമിക്കാം. ഒപ്പം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനങ്ങളെയും.
ദുരന്തവും രാഷ്ട്രീയക്കണ്ണോടെ കണ്ട് മറ്റുള്ളവർക്കു മേൽ പഴിചാരുന്നതും, ദുരിതബാധിതർക്കായി നീളുന്ന സഹായഹസ്തങ്ങളെ പിന്തിരിപ്പിക്കുന്ന ക്രൂര വിനോദങ്ങളും കേരളം കണ്ടു. 'ശാസ്ത്രം ജയിച്ചു, മനുഷ്യൻ തോറ്റു" എന്നാണ് സിനിമയാക്കപ്പെട്ട ജി. വിവേകാനന്ദന്റെ കഥയുടെ പേര്. പക്ഷേ, വയനാട്ടിലെ ദുരന്തഭൂമിയിൽ മനുഷ്യനൊപ്പം ശാസ്ത്രവും തോറ്റു. കേന്ദ്രം മുൻകൂട്ടി നൽകിയ അപകട സൂചനകൾ കേരളം അവഗണിച്ചതായി. ദുരന്തത്തിന്റെ പിറ്റേന്ന് പാർലമെന്റിൽ കേന്ദ്ര ആഭ്യന്തരമന്ത്രി ഉന്നയിച്ച ആരോപണം അനുചിതമായി. വയനാട്ടിൽ അതിതീവ്ര മഴയുടെയോ ഉരുൾപൊട്ടലിന്റെയോ ലാഞ്ഛന പോലുമുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പോ ജിയോളജി വകുപ്പോ മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. അതു ശരിവയ്ക്കുന്നതായിരുന്നു കേന്ദ്ര കാലാവസ്ഥാവകുപ്പ് മേധാവി മൃത്യുഞ്ജയ് മഹാപത്രയുടെ വിശദീകരണവും.
ദുരന്തത്തിന്റെ തലേന്നുവരെ നൽകിയത് 'കരുതിയിരിക്കുക" എന്ന ഓറഞ്ച് അലർട്ട്. അപകട സൂചനയുടെ റെഡ് അലർട്ട് നൽകിയത് ദുരന്തം നടന്ന ശേഷം പുലർച്ചെ 6.30ന്. 29, 30 തീയതികളിൽ അവിടെ ഉരുൾപൊട്ടൽ സാദ്ധ്യതയില്ലെന്ന പച്ച സിഗ്നലാണ് ലഭിച്ചത്. വയനാട് പോലുള്ള പരിസ്ഥിതി ലോല മേഖലകളിൽ പാറ പൊട്ടിക്കലും നിർമ്മാണ പ്രവർത്തനങ്ങളും വിലക്കിയ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോട്ടിനെ ചവറ്റുകുട്ടയിൽ തള്ളിയതിന് കേരളം വീണ്ടും പിഴ മുളേണ്ടി വന്നു. എന്നിട്ടും പാഠം പഠിക്കാതെ, വയനാട്ടിലെ ദുരന്തഭൂമിയിൽപ്പോലും ശാസ്ത്രീയ പ്രതികരണങ്ങളും പഠനങ്ങളും വിലക്കിയ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് മേധാവിയുടെ ഉത്തരവ് അതിലേറെ അസംബന്ധം. വയനാടിനെപ്പറ്റി ശാസ്ത്രജ്ഞർ മാദ്ധ്യമങ്ങളോട് ഒരക്ഷരം മിണ്ടരുതെന്ന അസംബന്ധ കല്‌പന പുറപ്പെടുവിക്കാൻ ദുരന്ത നിവാരണ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ആര് അധികാരം നൽകിയെന്നതും ചോദ്യമാണ്.
വയനാട്ടിലെ ദുരന്തത്തിൽ അവശേഷിച്ചവർക്ക് പുതുജീവനും കിടപ്പാടവും ഒരുക്കാൻ കൈമെയ് മറന്നുള്ള സഹായങ്ങളാണ് കേരളത്തിലെയും തമിഴ്നാട്ടിലെയും ചലച്ചിത്ര മേഖയിലും രാഷ്ട്രീയ, സാംസ്കാരിക സംഘടനകളിലും സ്ഥാപനങ്ങളിലും നിന്നുൾപ്പെടെ പ്രവഹിക്കുന്നത്. നന്മ ചെയ്യാനായില്ലെങ്കിലും, അതിനെ തടയാതിരിക്കുകയെന്ന മനുഷ്യത്വ സമീപനം പോലും മറക്കുന്നത് രാഷ്ട്രീയ തിമിരം ബാധിച്ചരുടെ മനോവൈകല്യമായി കരുതാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധയിലേക്ക് സംഭാവന നൽകുന്നതിലാണ് ചിലർക്കൊക്കെ എതിർപ്പ്. അങ്ങനെ നൽകുന്ന പണത്തിൽ വെട്ടിപ്പും വകമാറ്റലും നടത്തുമെന്നും, അർഹരുടെ കൈകളിൽ എത്തില്ലെന്നുമാണ് പ്രചാരണം.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി കൈകോർത്തപ്പോൾ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനിൽ നിന്നുയർന്നത് വിഭിന്ന സ്വരം. അത്തരം എതിർപ്പുകൾക്കും ഭിന്നസ്വരങ്ങൾക്കും അടിസ്ഥാനമില്ലെന്നു പറഞ്ഞ് തള്ളിക്കളയാനാവില്ലെന്നതാണ് ചില മുൻ അനുഭവങ്ങൾ. അടുത്ത കാലത്തെ ദുരന്തങ്ങളിൽ ഇങ്ങനെ സമാഹരിച്ച തുകയിൽ നടന്ന ചില തട്ടിപ്പുകളും അനർഹർക്കുള്ള വീതംവയ്പുകളും വകമാറ്റലുകളും തന്നെ സാക്ഷ്യം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് സുതാര്യതയും ജനവിശ്വാസവും ഉറപ്പാക്കുകയാണ് പോംവഴി. ജില്ലാ കളക്ടർമാർ വഴി മാത്രം ദുരിതബാധിതർക്കായി ചെലവഴിക്കുന്ന പ്രത്യേക ഫണ്ടാണെന്നും, ഇതിലെ ഓരോ രൂപയും ഓഡിറ്റിന് വിധേയമാക്കി പരസ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിക്കണം. നല്ലത് ചെയ്താൽ മാത്രം പോരാ, അത് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തുക കൂടി ചെയ്യുമ്പോഴാണ് ഭരണാധികാരികളുടെ വിശ്വാസ്യതയും കർമ്മശുദ്ധിയും ഉയരുക!
'സമയമായില്ല പോലും." ഉരുൾപൊട്ടൽ സർവനാശം വിതച്ച വയനാട്ടിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര സഹായം പോലും വൈകുന്നതിനെക്കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഡൽഹിയിൽ നൽകിയ മറുപടി മലയാളികളിലാകെയും സമൂഹ മാദ്ധ്യമങ്ങളിലും സൃഷ്ടിച്ചത് പ്രതിഷേധ കൊടുങ്കാറ്റ്. സൈന്യത്തിനു പിന്നാലെ, മറ്റൊരു മലയാളി കേന്ദ്രമന്ത്രി ജോർജ് കുര്യനും ദുരന്ത മേഖലയിലെത്തി. എന്നാൽ സുരേഷ് ഗോപിയെ അവിടെങ്ങും ഒരാഴ്ചയോളം കണ്ടില്ല. പോരാത്തതിന്, കേന്ദ്ര സഹായം നൽകാൻ സമയമായില്ല, വിശദമായ റിപ്പോർട്ട് കിട്ടട്ടെയെന്ന നിരുത്തരവാദപരമായ മറുപടിയും. സുരേഷ്ഗോപി ആത്യന്തികമായി ഒരു മലയാളിയല്ലേയെന്നും, കെട്ടിപ്പൊക്കിയ വിഗ്രഹങ്ങളുടെ പൊയ്‌മുഖങ്ങൾ അഴിഞ്ഞുവീഴുന്നു എന്നുമൊക്കെയായി വിമർശനം. ഒടുവിൽ സുരേഷ് ഗോപി എത്തി; ഒരാഴ്ച വൈകിയെങ്കിലും.
നുറുങ്ങ്:
വയനാട്ടിലെ ദുരന്തത്തിന് മുഖ്യ കാരണം, സർക്കാർ ഒത്താശയോടെ തുടരുന്ന പാറ പൊട്ടിക്കലും അനധികൃത നിർമാണങ്ങളുമെന്ന് ഭൗമ ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ.
ഓരോ ദുരന്തം വരുമ്പോഴും നമുക്ക് ഗാഡ്ഗിൽ റിപ്പോർട്ട് പൊടിതട്ടിയെടുക്കാം. പിന്നെ, വലിച്ചെറിയാം. കാത്തിരിക്കാം, അടുത്ത ദുരന്തം വരെ!
(വിദുരരുടെ ഫോൺ: 99461 08221)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |