തിരൂരങ്ങാടി: സബ് ആർ.ടി ഓഫീസിലെ വ്യാജ ആർ.സി കേസിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ജോയിന്റ് ആർ.ടി.ഒ സി.പി സക്കറിയ അസുഖത്തെ തുടർന്ന് മെഡിക്കൽ ലീവിലാണ് പ്രവേശിച്ചിരിക്കുകയാണ്. പകരം തിരൂർ ജോയിന്റ് ആർ.ടി.ഒ സാജു ബക്കറിനാണ് ചുമതല.
ജൂൺ 24ന് തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ സി.പി സക്കറിയയാണ് വ്യാജ ആർ.സി സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. കേസിൽ ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി വാഹനങ്ങളും വ്യാജ ആർ.സി ബുക്കുകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
വ്യാജ ആർ.സി നിർമ്മാണത്തിലെ പ്രധാന കണ്ണിയായ പരപ്പനങ്ങാടി ഉള്ളണം മുണ്ടിയാൻകാവ് സ്വദേശി കരുവാടത്ത് നിസാർ(37), മിനി സിവിൽ സ്റ്റേഷന് അടുത്തുള്ള ടാർജറ്റ് ഓൺലൈൻ ഷോപ്പ് ഉടമയും പെരുവള്ളൂർ കരുവാൻകല്ല് പാലൻതോടു താമസക്കാരനുമായ നയീം(28), പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കോട്ടുവാലന്റെ പുരക്കൽ ഫൈജാസ് (32) എന്നിവരെയാണ് പൊലീസ് പിടികൂടിയിരുന്നത്.
നിസാറിനെ ചോദ്യം ചെയ്തതിൽ നിന്നും ആർ.ടി.ഓഫീസിലെ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുന്ന മൊഴി പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ ചോദ്യം ചെയ്ത് വരുന്നത്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടക്കുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്നും തിരൂരങ്ങാടി സി.ഐ കെ.ടി ശ്രീനിവാസൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |