കൽപ്പറ്റ: മേപ്പാടി ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ 20 ദിവസത്തിനകം ക്ലാസുകൾ പുനരാരംഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ദുരിതാശ്വാസ ക്യാമ്പ് അവസാനിക്കുന്നതോടെ ക്ലാസുകൾ ആരംഭിക്കുമെന്നും ക്ലാസുകൾ മുടങ്ങാതിരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം
നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ജില്ലാ ആസൂത്രണ സമിതി ഭവനിലെ എ.പി.ജെ ഹാളിൽ ദുരന്തബാധിത മേഖലയിലെ ജനപ്രതിനിധികൾ,അദ്ധ്യാപകർ,പി.ടി.എ പ്രതിനിധികൾ,വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെയും മുണ്ടക്കൈ ഗവ.എൽ.പി സ്‌കൂളിലെയും അടിസ്ഥാന സൗകര്യങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് നോഡൽ ഓഫീസറായി വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി. പൊതു വിദ്യാഭ്യാസ ഡയറക്ടർ മേൽനോട്ടം വഹിക്കും.
സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. കുട്ടികൾക്കുള്ള ഗതാഗത സൗകര്യം, ഉച്ചഭക്ഷണം,കമ്പ്യൂട്ടറുകൾ എന്നിവയ്‌ക്കായി നടപടിയെടുക്കും. പുനരധിവാസത്തിന്റെ ഭാഗമായി ടൗൺഷിപ്പ് രൂപപ്പെടുമ്പോൾ വെള്ളാർമല സ്‌കൂൾ അതേപേരിൽ പുനർനിർമ്മിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. മുണ്ടക്കൈ ഗവ.എൽ.പി സ്‌കൂൾ പുനർനിർമ്മിക്കുന്നതിന് മോഹൻലാൽ മൂന്നുകോടി രൂപ വാഗ്ദാനം ചെയ്‌തിട്ടുണ്ട്. പുനർനിർമാണത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ടിൽ നിന്ന് തുക വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
വാർത്താസമ്മേളനത്തിൽ മന്ത്രിമാരായ സജി ചെറിയാൻ,ഒ.ആർ.കേളു,ടി.സിദ്ദിഖ് എം.എൽ.എ,പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്, കൈറ്റ് എക്‌സിക്യുട്ടീവ് ഡയറക്ടർ അൻവർ സാദത്ത്,സ്‌കോൾ എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ.പ്രമോദ്,എസ്.ഐ.ഇ.ടി ഡയറക്ടർ ഡോ.അബുരാജ്,വയനാട് ഉപവിദ്യാഭ്യാസ ഡയറക്ടർ ശശീന്ദ്രവ്യാസ് എന്നിവർ പങ്കെടുത്തു.
തൊഴിലാളികൾക്ക് ധനസഹായം
കൽപ്പറ്റ: ദുരന്തത്തിൽ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ലേബർ ബോർഡ് ഒരുലക്ഷം രൂപ വീതം നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. തോട്ടം തൊഴിലാളികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും ലേബർ ബോർഡ് സാമ്പത്തിക സഹായം നൽകും. അന്യസംസ്ഥാന തൊഴിലാളികൾക്ക് ചികിത്സാ ധനസഹായം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിതരുടെ ക്യാമ്പുകൾ മന്ത്രി സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |