മുംബയ്: കേൾവി,സംസാര ശേഷിയില്ലാത്ത സുഹൃത്തിനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. പ്രതികളും കൊല്ലപ്പെട്ടയാളും കേൾവി,സംസാര ശേഷിയില്ലാത്തവരാണ്. ജയ് പ്രവീൺ ചാവ്ദ, ശിവജീത് സുരേന്ദ്ര സിംഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുംബയ് റെയിൽവേ സ്റ്റേഷനിൽ വച്ച് തിങ്കളാഴ്ചയാണ് പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ നിലയിൽ സ്യൂട്ട്കേസിൽ മൃതദേഹം കണ്ടെത്തിയത്. ലഗേജ് പരിശോധനയ്ക്കിടെ സ്യൂട്ട്കേസിൽ നിന്ന് രക്തം ഒഴുകുന്നത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു. അർഷാദ് അലി ഷെയ്ഖ് (30) എന്നയാളാണ് കൊല്ലപ്പെട്ടത്. പെൺസുഹൃത്തിനെച്ചൊല്ലി ജയ് പ്രവീൺ ചാവ്ദയും അർഷാദ് അലിയും തമ്മിൽ തർക്കമുണ്ടായിരുന്നു. വൈരാഗ്യത്തെത്തുടർന്ന് അർഷാദ് അലിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു. തുടർന്ന് അർഷാദിനെ ജയ് പ്രവീണിന്റെ വീട്ടിലേക്ക് പാർട്ടിക്ക് ക്ഷണിച്ചു. മദ്യപാനത്തിനു ശേഷം പ്രതികൾ അർഷാദ് അലിയുടെ തലയിൽ ചുറ്റിക കൊണ്ട് തുടർച്ചയായി അടിച്ചു. മരണം ഉറപ്പാക്കാനായി മൂർച്ചയുള്ള വസ്‌തു ഉപയോഗിച്ച് കുത്തുകയും ചെയ്‌തു. തുടർന്ന് മൃതദേഹം പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് മൃതദേഹം സ്യൂട്ട്‌കേസിലാക്കുകയായിരുന്നു. സ്യൂട്ട്‌കേസ് റെയിൽവേ ട്രാക്കിൽ വലിച്ചെറിയുകയോ ദീർഘദൂര ട്രെയിനിൽ ഉപേക്ഷിക്കുകയോ ചെയ്യാനായിരുന്നു പദ്ധതി. പെൺകുട്ടിയെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
സംശയത്തെത്തുടർന്ന്
ദാദർ റെയിൽവേ സ്റ്റേഷനിൽ ഇരുവരും സ്യൂട്ട്‌കേസുമായി എത്തി. ടുട്ടാരി എക്സ്പ്രസിൽ കയറാനായിരുന്നു നീക്കം. രക്തമൊഴുകുന്നത് ആർ.പി.എഫ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെടുന്നു. ഇരുവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയ ജി.ആ.ർപി ഉദ്യോഗസ്ഥർ അവരോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടു. ഈ സമയം ശിവജീത് സുരേന്ദ്ര സിംഗ് ഓടിപ്പോയി. സ്യൂട്ട്കേസ് തുറന്ന ഉദ്യോഗസ്ഥർ മൃതദേഹം കണ്ടെത്തി. ജയ് പ്രവീൺ ചാവ്ദയെ തടഞ്ഞുവയ്ക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |