ന്യൂഡൽഹി: എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ നിന്ന് ഭരണഘടനയുടെ ആമുഖം നീക്കിയെന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. കോൺഗ്രസ് നേതൃത്വത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ആമുഖം മാത്രമാണ് ഭരണഘടനയെയും ഭരണഘടനാ മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നതെന്ന ധാരണ വികലവും സങ്കുചിതവുമാണെന്ന് എൻ.സി.ഇ.ആർ.ടി കരിക്കുലം സ്റ്റഡീസ് ആൻഡ് ഡെവലപ്മെന്റ് മേധാവി രഞ്ജൻ അറോറ പറഞ്ഞു. ഭരണഘടനയുടെ ആമുഖം, മൗലിക കടമകൾ, മൗലികാവകാശങ്ങൾ, ദേശീയ ഗാനം എന്നിവയ്ക്ക് പാഠ്യപദ്ധതിയിൽ പ്രാധാന്യം നൽകുന്നുണ്ടെന്നും അവർ അറിയിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കുട്ടികളുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ടാണ് പാഠപുസ്‌തകങ്ങൾ തയ്യാറാക്കുന്നത്.
ആറാം ക്ലാസ് സോഷ്യൽ സയൻസ് പുസ്തകത്തിലും മൂന്നാം ക്ളാസിലെ ഹിന്ദി, ഇംഗ്ലീഷ്, ഗണിതം, 'വേൾഡ് എറൗണ്ട് അസ്' പാഠപുസ്തകങ്ങളിലും ഭരണഘടനയുടെ ആമുഖം ഒഴിവാക്കിയതാണ് വിവാദമായത്. ആറാം ക്ലാസ് സയൻസ്, ഹിന്ദി പുസ്തകങ്ങളിൽ ആമുഖം തുടരുന്നുണ്ട്. എന്നാൽ മൗലികാവകാശങ്ങളും മൗലിക കർത്തവ്യങ്ങളും ആറാം ക്ലാസ് സോഷ്യൽ സയൻസ് പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |