തിരുവനന്തപുരം: ജനങ്ങളുടെ സുഹൃത്തായി പ്രവർത്തിക്കുമ്പോൾ തന്നെ കുറ്റവാളികൾക്ക് ഒരു തരത്തിലും സ്വാധീനിക്കാൻ കഴിയാത്തവരാണ് പൊലീസ് എന്ന സന്ദേശം സേനാംഗങ്ങൾ സമൂഹത്തിന് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനകീയ പൊലീസിംഗ് എന്ന നയമാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. ഇതിന് പൊലീസിന്റെ പെരുമാറ്രത്തിൽ കാര്യമായ മാറ്റം വരേണ്ടതുണ്ട്. പൊതുജനങ്ങളോട് സൗമ്യമായും കുറ്റവാളികളോട് കർക്കശമായും ഇടപെടാനാകണം. പേരൂർക്കട എസ്.എ.പി ക്യാമ്പിൽ 333 റിക്രൂട്ടുകളുടെ പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പുതിയ കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുംവിധം പൊലീസിനെ നവീകരിക്കണം. ക്രമസമാധാനപാലനം, ശാസ്ത്രീയ കുറ്റാന്വേഷണം, സൈബർ കേസന്വേഷണം എന്നിവയിൽ രാജ്യത്ത് ഒന്നാമതാണ് കേരള പൊലീസ്. പൊലീസിനെ ആധുനികവത്കരിക്കാനും നവീകരിക്കാനുമുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളാണ് ഇതിനെല്ലാം ഇടയാക്കിയത്.
ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ള നിരവധിപേർ പൊലീസിലെത്തുന്നത് സേനയുടെ നിലവാരത്തെ വലിയതോതിൽ ഉയർത്തും. റിക്രൂട്ടുകൾക്ക് ലഭിച്ച പരിശീലനം ഔദ്യോഗിക ജീവിതത്തിൽ ഫലപ്രദമായി ഉപയോഗിക്കാനാകണം.
എല്ലാതരം വ്യത്യാസങ്ങൾക്കും അതീതമായ രക്ഷാദൗത്യമാണ് വയനാട്ടിൽ നടക്കുന്നത്. അതിൽ പ്രധാന പങ്ക് പൊലീസിന്റേതാണ്. കുറ്റകൃത്യങ്ങൾ തടയുന്നതിൽ മാത്രമല്ല, ആപത്ഘട്ടങ്ങളിലും പൊലീസ് ജനങ്ങൾക്കൊപ്പം നിൽക്കുന്നു. മഹാദുരന്തങ്ങളിലും മനുഷ്യ സ്നേഹത്തിന്റെ ഉദാത്തമായ സത്ത ഉയർത്തിപ്പിടിക്കുന്നു. കൊവിഡ്, പ്രളയ കാലങ്ങളിലും പൊലീസിന്റെ കരുതൽ നാട് അനുഭവിച്ചതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |