ഡാക്ക: ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് രാജ്യം വിട്ടതിന് പിന്നാലെ വൻ കലാപമാണ് ബംഗ്ലാദേശിൽ അരങ്ങേറുന്നത്. ബംഗ്ലാദേശ് അവാമി ലീഗ് നേതാവിന്റെ ഹോട്ടൽ ജനക്കൂട്ടം തീയിട്ടു. 24 പേർ വെന്തുമരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി ജോഷോർ ജില്ലയിലാണ് സംഭവം നടക്കുന്നത്.
അവാമി ലീഗ് ജില്ലാ സെക്രട്ടറി ഷാഹിന്റെ ഉടമസ്ഥതയിലുള്ള സബിർ ഇന്റർനാഷണൽ ഹോട്ടലാണ് ജനക്കൂട്ടം തീവച്ചത്. മരിച്ചവരുടെ കൂട്ടത്തിൽ ഒരു ഇന്തോനേഷ്യൻ പൗരനും ഉൾപ്പെടുന്നതായി പിടിഐ റിപ്പോർട്ട് ചെയ്തു. ഹോട്ടലിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് സംശയമുണ്ട്.
തിങ്കളാഴ്ച രാത്രിയോടെ ജനക്കൂട്ടം ഹോട്ടലിൽ എത്തുകയും താഴത്തെ നില തീയിടുകയുമായിരുന്നു. തീ പെട്ടെന്ന് തന്നെ മുകളിലേക്ക് വ്യാപിച്ചു. ഹോട്ടലിൽ ഉണ്ടായിരുന്ന ജനങ്ങൾക്ക് രക്ഷപ്പെടാൻ പോലും കഴിഞ്ഞില്ല. സമാനമായ നിരവധി സംഭവങ്ങളാണ് രാജ്യത്ത് നടന്നുവരുന്നത്. ബംഗ്ലാദേശിൽ സംവരണ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തിയതോടെയാണ് ഷെയ്ഖ് ഹസീന രാജിവച്ച് രാജ്യം വിട്ടത്.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഉൾപ്പെടെ ജനക്കൂട്ടം ഇരച്ചുകയറി വിലപിടിപ്പുള്ളതെല്ലാം കൊള്ളയടിക്കുന്ന വീഡിയോകൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. നിരവധി അവാമി ലീഗ് നേതാക്കളുടെയും പ്രവർത്തകരുടെയും വസതികൾ ജനക്കൂട്ടം ആക്രമിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |