ന്യൂഡൽഹി: വനിതകളുടെ ഗുസ്തിയിലെ 50 കിലോ വിഭാഗത്തിൽ ഇന്ത്യൻ താരം വിനേഷ് ഫോഗാട്ട് ഫൈനലിലേക്ക് എത്തി ഇന്ത്യയുടെ പാരീസ് ഒളിമ്പിക്സിലെ ആദ്യ സ്വർണത്തിനുള്ള പ്രതീക്ഷകൾക്ക് തിരിതെളിച്ചിരിക്കുകയാണ്. ഇതിനോടകം നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്. ഇതിനിടെ നടിയും എംപിയുമായ കങ്കണ റണാവത്തും വിനേഷിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് കങ്കണ അഭിനന്ദനം അറിയിച്ചത്. പാരീസിൽ ഇന്ത്യയുടെ സ്വർണ നേട്ടത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
'പാരീസിൽ ഇന്ത്യയുടെ സ്വർണനേട്ടത്തിനായി കാത്തിരിക്കുന്നു. ഒരു ഘട്ടത്തിൽ മോദിക്കെതിരെ മുദ്രാവാക്യം മുഴക്കിയ വിനേഷ് ഫോഗാട്ടിനെ രാജ്യത്തെ പ്രതിനിധീകരിച്ച് പാരീസിൽ വിടുകയും മികച്ച പരിശീലനം നൽകുകയും ചെയ്തു. അതാണ് ജനാധിപത്യത്തിന്റെയും മഹാനായ നേതാവിന്റെയും വിജയം', കങ്കണ കുറിച്ചു.
ഇന്നലെ നടന്ന സെമി ഫൈനലിൽ ക്യൂബയുടെ യൂസ്നെയിൽസ് ഗുസ്മാനെ 5-0ത്തിന് തോൽപ്പിച്ചാണ് വിനേഷ് ഫൈനലിലെത്തിയത്. ഇന്ന് രാത്രി പന്ത്രണ്ടേമുക്കാലിനാണ് വിനേഷിന്റെ ഫൈനൽ. ആദ്യ മത്സരത്തിൽ നിലവിലെ ഒളിമ്പിക് ചാമ്പ്യനും നാല് ലോക ചാമ്പ്യൻഷിപ്പുകളിലെ ജേതാവും അന്താരാഷ്ട്ര മത്സരങ്ങളിൽ ഇതുവരെ തോറ്റിട്ടില്ലാത്ത താരവുമായ ജപ്പാന്റെ യുയി സുസാക്കിയെ അവസാനനിമിഷം അട്ടിമറിച്ച് വിനേഷ് ക്വാർട്ടറിലെത്തുകയായിരുന്നു. ക്വാർട്ടറിൽ യുക്രെയ്ന്റെ ഒക്സാന ലിവാച്ചിനെ തോല്പിച്ചാണ് സെമിയിലെത്തിയത്. ഫൈനലിൽ വിനേഷ് അമേരിക്കയുടെ സാറ ആൻ ഹിൽഡേബ്രാൻഡിനെ നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |