ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരാൻ പോകുന്ന ചില സുപ്രധാന മാറ്റത്തെക്കുറിച്ച് സൂചന നൽകി അധികൃതർ. വിമാനത്താവളത്തിൽ കാർ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലം കണ്ടെത്താൻ ഇനി പാടുപെടേണ്ടിവരില്ല. യാത്രക്കാരുടെ എളുപ്പത്തിനായി അടുത്തമാസം മുതൽ കാർ പാർക്കിംഗ് സ്ഥലങ്ങളിൽ കളർ കോഡ് സൗകര്യങ്ങൾ ഒരുക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് നിർദേശം പുറത്തുവിട്ടത്.
ദുബായ് വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് ഇത് കൂടുതൽ സൗകര്യപ്രദമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. കളർ കോഡ് ഉപയോഗിച്ച് അവരെ കൂട്ടികൊണ്ട് പോകാൻ വന്ന കാർ എവിടെയുണ്ടെന്ന് പെട്ടെന്ന് തിരിച്ചറിയാൻ യാത്രക്കാർക്ക് കഴിയും. പ്രതിദിനം നിരവധി പേരാണ് വിനോദസഞ്ചാരത്തിനും തൊഴിലിനും മറ്റുമായി ദുബായിൽ എത്തുന്നത്.
നിലവിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്ന് ടെർമിനലുകളിലൂടെ പുറത്തേക്ക് ഇറങ്ങാം. ഇവരെ കൂട്ടികൊണ്ട് പോകാൻ ആയിരക്കണക്കിന് ആളുകളാണ് വിമാനത്താവളത്തിൽ ദിവസവും എത്തുന്നത്. കളർ കോഡ് നിലവിൽ വന്നാൽ അതുപയോഗിച്ച് വേഗം വാഹനം കണ്ടെത്താൻ കഴിയും.
നിലവിൽ ടെർമിനൽ ഒന്നിലെ പാർക്കിംഗ് നിരക്ക് മണിക്കൂറിന് 15 ദിർഹം മുതൽ 125 ദർഹം വരെയാണ്. ടെർമിനൽ രണ്ടിലും മൂന്നിലും മണിക്കൂറിൽ അഞ്ച് ദർഹം മുതൽ 125 ദർഹം വരെയാണ്. അധിക ചെലവായി 100 ദിർഹവും ഈടാക്കുന്നു. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ രണ്ടിൽ പാർക്കിംഗ് ചെയ്യുന്നതിന് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. വെബ്സെെറ്റ് വഴിയോ ക്യുആർ കോഡ് സ്കാൻ ചെയ്തോ സ്ഥലം നേരത്തെ ബുക്ക് ചെയ്യാമെന്ന് അധികൃതർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |