ബംഗളൂരു: നൈറ്റ്‌ലൈഫ് ആഘോഷിക്കുന്നതിനുള്ള സമയം വർദ്ധിപ്പിച്ച് സർക്കാർ. ഇനിമുതൽ രാത്രി ഒരുമണിവരെ ബംഗളൂരുവിലെ ഹോട്ടലുകളും ക്ളബ്ബുകളും പ്രവർത്തിക്കുന്നതിന് തീരുമാനമായി. കർണാടക സർക്കാരാണ് ബൃഹദ് ബംഗളൂരു മഹാനഗര പാലികെയ്‌ക്ക് കീഴിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഒരുമണിവരെ പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
കഴിഞ്ഞവർഷം ബഡ്‌ജറ്റിൽ നടത്തിയ ഈ പ്രഖ്യാപനം നഗരവികസന വകുപ്പ് അംഗീകരിച്ചതോടെയാണ് ഇപ്പോൾ സർക്കാർ തീരുമാനം പുറത്തുവന്നത്. പുതിയ ഉത്തരവനുസരിച്ച് ബാറുകൾക്ക് രാത്രി 10 മുതൽ ഒരുമണിവരെ പ്രവർത്തിക്കാം. ക്ളബ്ബുകൾ, സ്റ്റാർ ഹോട്ടലുകൾ, ഹോട്ടലുകൾ, ലോഡ്‌ജുകൾ, എന്നിവയ്‌ക്ക് ഒൻപത് മുതൽ പുലർച്ചെ ഒരുമണി വരെ പ്രവർത്തിക്കാം. 2016ലും സമാന തീരുമാനം എടുത്തെങ്കിലും ജനവികാരം എതിരായതോടെ 11 മണിയ്‌ക്ക് തന്നെ അടക്കുകയായിരുന്നു പതിവ്.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ബഡ്‌ജറ്റ് അവതരണത്തിനിടെ എല്ലാത്തരം ബിസിനസും പുലർച്ചെ ഒരുമണി വരെ പ്രവർത്തിപ്പിക്കാം എന്ന് പ്രഖ്യാപിച്ചത്. ബിബിഎംപി നിയമമനുസരിച്ച് മദ്യം വിളമ്പാറുള്ള ഹോട്ടലുകൾ, ക്ളബ്ബുകൾ, ബാറുകൾ എന്നിവ രാത്രി 10നും 11നും അടച്ചിരുന്നതാണ്. ഇവയാണ് ഇനി ഒരുമണി വരെ പ്രവർത്തിക്കുക. മുൻകാലങ്ങളിൽ അനൗദ്യോഗികമായി നടന്നിരുന്ന നൈറ്റ് ലൈഫ് ഇപ്പോൾ സംസ്ഥാന സർക്കാർ തന്നെ ഔദ്യോഗികമായി നടത്തുന്നു എന്നതാണ് പുതിയ ഉത്തരവിലൂടെ വ്യക്തമാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |