ധാക്ക: പ്രധാനമന്ത്രി പദം രാജിവച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയതിന് പിന്നാലെ ബംഗ്ളാദേശിൽ അവരുടെ പാർട്ടിയായ അവാമി ലീഗിന്റെ നേതാക്കളെയും കുടുംബാംഗങ്ങളെയും കൂട്ടത്തോടെ കൊല്ലുന്നു എന്ന് റിപ്പോർട്ട്. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ നേതാക്കളും കുടുംബാംഗങ്ങളും ഉൾപ്പടെ 29 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു എന്നാണ് റിപ്പോർട്ട്. അവാമി ലീഗ് പ്രവർത്തകരെയും നേതാക്കളെയും തിരഞ്ഞുപിടിച്ചാണ് ആക്രമിക്കുന്നത്. നിരവധിപേരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും തകർക്കുകയോ കൊള്ളയടിക്കുകയോ ചെയ്തിട്ടുണ്ട്.
കുമിലയിൽ ജനക്കൂട്ടം നടത്തിയ ആക്രമണത്തിൽ പതിനൊന്ന് പേരാണ് തൽക്ഷണം മരിച്ചത്. ഇവർക്ക് അവാമി ലീഗുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. മുൻ കൗൺസിലർ മുഹമ്മദ് ഷാ ആലമിന്റെ മൂന്നുനില വീട് അക്രമികൾ അഗ്നിക്കിരയാക്കിയതിനെത്തുടർന്ന് ആറുപേരാണ് മരിച്ചത്. അക്രമാസക്തരായി ജനക്കൂട്ടം എത്തുന്നതുകണ്ട് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നവർ മുകൾ നിലയിലേക്ക് കയറി രക്ഷപ്പെട്ടു. ഇതോടെ ജനക്കൂട്ടം വീടിന്റെ താഴത്തെ നിലയ്ക്ക് തീ ഇടുകയായിരുന്നു. ഉള്ളിലുള്ളവർ രക്ഷപ്പെടാതിരിക്കാൻ ആയുധങ്ങളുമായി ചിലർ കാവൽ നിൽക്കുകയും ചെയ്തുവത്രേ. പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് ആറുപേരും മരിച്ചത്.
അവാമി ലീഗ് നേതാവിന്റെ ഹോട്ടലിനും ജനക്കൂട്ടം തീയിട്ടു. വിദേശികൾ ഉൾപ്പടെ 24 പേരാണ് ഇവിടെ വെന്തുമരിച്ചത്. തിങ്കളാഴ്ച രാത്രി ജോഷോർ ജില്ലയിലാണ് സംഭവം നടന്നത്.
ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എന്നാൽ വീണ്ടും ആക്രമണം ഭയന്ന് ഇതിൽ പലരും ചികിത്സ തേടാതെ രസഹ്യ കേന്ദ്രങ്ങളിൽ ഒളിവിൽ കഴിയുകയാണെന്നും റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |