തൃശൂർ: ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ് കുമാറിനെതിരെ പൊലീസ് ചുമത്തിയ 107 കേസ് തൃശൂർ ആർ.ഡി.ഒ കോടതി റദ്ദാക്കി. ജനകീയ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തതല്ലാതെ അഡ്വ കെ.കെ അനീഷ് കുമാറിനെതിരെ നിലവിൽ ക്രിമിനൽ കേസൊന്നുമില്ല. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർ, സിറ്റി പോലീസ് കമ്മീഷണർ എന്നിവർക്ക് ബിജെപി പരാതി നൽകിയിരുന്നു. തൃശൂർ ലോക്സഭാ തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ പ്രതികാര രാഷ്ട്രീയമാണ് സിപിഎമ്മും പോലീസും ചേർന്ന് നടപ്പാക്കിയതെന്ന് ആരോപിച്ച് ബിജെപി ഡിഐജി ഓഫീസ് മാർച്ചും നടത്തി.
തുടർന്ന് കമ്മീഷണറും കളക്ടറും നടത്തിയ അന്വേഷണത്തിൽ കേസ് നിലനിൽക്കുന്നതല്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനെത്തുടർന്നാണ് അഡ്വ കെ.കെ അനീഷ് കുമാറിനെതിരെ Crpc 107 പ്രകാരമുള്ള എല്ലാ ക്രിമിനൽ നടപടികളും റദ്ദാക്കിക്കൊണ്ട് തൃശ്ശൂർ RDO കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കൂടിയായ അഡ്വ കെ.ആർ ഹരിയാണ് ജില്ലാ പ്രസിഡന്റിന് വേണ്ടി കോടതിയിൽ ഹാജരായത്. കോടതി നടപടിയിൽ സന്തോഷമുണ്ടെന്നും നീതി നേടിയെടുക്കാൻ പോരാടിയ എല്ലാവരോടും നന്ദിയുണ്ടെന്നും ഇത്തരം നീതി നിഷേധം ഇനി ആർക്കെതിരെയും ഉണ്ടാവരുതെന്നും വിധിയെക്കുറിച്ച് അഡ്വ കെ.കെ അനീഷ് കുമാർ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |